അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും തിരികെക്കൊണ്ടുവരാനുള്ള ശ്രമത്തെ വായനയിലൂടെ പ്രതിരോധിക്കണം: മുഖ്യമന്ത്രി

14

അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും സമൂഹത്തിലേക്കു തിരികെക്കൊണ്ടുവരാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ പ്രതിരോധിക്കാൻ വായനയിലൂടെ ആർജിക്കുന്ന വിജ്ഞാനം ഒഴിച്ചുകൂടാനാകാത്തതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പി.എൻ. പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാവരണം ചെയ്യുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

അറിവിന്റെ സാർവത്രിക വിതരണം നടപ്പാക്കുകവഴി സമൂഹത്തേയും വ്യക്തിയേയും നവീകരിക്കാൻ സാധിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഈ ആശയം കൂടുതൽ കരുത്തോടെ നടപ്പാക്കേണ്ട ഘട്ടമാണിത്. കേരളത്തിന്റെ പുരോഗമനത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ സ്വാധീനം വലുതാണ്. സമത്വത്തിലും സാഹോദര്യത്തിലുമൂന്നിയ കാഴ്ചപ്പാട് സമൂഹത്തിൽ വളർത്തിയെടുക്കുന്നതിൽ ഗ്രന്ഥശാലകൾ വലിയ പങ്കുവഹിച്ചു. ഈ കാഴ്ചപ്പാടാണു ദേശീയ പ്രസ്ഥാനങ്ങൾക്കും നവോത്ഥാന പ്രസ്ഥാനങ്ങൾക്കും കരുത്തുപകർന്നത്.

ശാസ്ത്രാവബോധമുള്ള തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത ഭരണഘടനതന്നെ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ ആശയം തലമുറകളിലേക്കു പകർന്നുനൽകാനുള്ള ഉപാധിയെന്ന നിലയാണു വായന പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. വായനയുടെ ഘടനതന്നെ മാറിമറിയുന്ന കാലഘട്ടമാണിത്. പുസ്തകങ്ങളിലൂടെ പേജ് മറിച്ചാണു മുൻപു വായിച്ചിരുന്ന തെങ്കിൽ ഇന്ന് അത് ഇ-രൂപത്തിലേക്കു മാറി. യാത്രകളിൽ പുസ്തകങ്ങൾ കൊണ്ടുനടക്കുന്ന രീതിക്കു വിരാമമായി. വിവരങ്ങൾ പുസ്തകങ്ങളായും വാർത്തകളായും നമ്മുടെ വിരൽത്തുമ്പിലുണ്ട്. ഇ-റീഡിങ്ങിനെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചു.

വൈജ്ഞാനിക സമൂഹമെന്ന ലക്ഷ്യത്തിലേക്കു കേരളം നീങ്ങുകയാണ്. അറിവിന്റെ സാർവത്രക വിതരണമാണു ലക്ഷ്യംവയ്ക്കുന്നത്. ഇതിനു സർക്കാർ നിരവധി പദ്ധകൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന് സർവകലാശാലകൾക്കു പുറമേ അനൗപചാരിക മാർഗങ്ങൾകൂടി അവലംബിക്കണം. ഇതിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു വലിയ പങ്കുവഹിക്കാ നകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS