അറ്റോയ് ടൂറിസം സാങ്കേതികവിദ്യാ സമ്മേളനം ജൂണില്‍ കൊച്ചിയില്‍

272

കൊച്ചി: അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര ടൂറിസം സാങ്കേതികവിദ്യാ സമ്മേളനം (ഐസിടിടി 2017) ജൂണ്‍ എട്ടു മുതല്‍ പത്തു വരെ കൊച്ചിയില്‍ നടക്കും. കേരള ടൂറിസത്തിന്റെ പിന്തുണയോടെ ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനം, ടൂറിസം വിപണന തന്ത്രങ്ങളില്‍ വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വേദിയാകും.

സമ്മേളനത്തില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ നിലവിലെ ടൂറിസം വിപണന രീതികളില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരാന്‍ സഹായിക്കുമെന്ന് അറ്റോയ് പ്രസിഡന്റ് പി.കെ.അനീഷ് കുമാര്‍, സെക്രട്ടറി വി.ശ്രീകുമാര മേനോന്‍ എന്നിവര്‍ അറിയിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള ടൂറിസം, അതിഥിസല്‍ക്കാര മേഖലകളിലെ സേവനദാതാക്കള്‍, ടൂര്‍ ഓപറേറ്റര്‍മാര്‍, ഹോംസ്റ്റേകള്‍, ഹോട്ടല്‍-റിസോര്‍ട്ട് ഉടമകള്‍, സാങ്കേതിക വിദഗ്ധര്‍, ബ്ലോഗര്‍മാര്‍, സോഫ്റ്റ്‌വെയര്‍ കമ്പനികള്‍, മാര്‍ക്കറ്റിങ് സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍, സോഷ്യല്‍ മീഡിയ കമ്പനികള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പങ്കെടുക്കുമെന്ന് അവര്‍ പറഞ്ഞു.

ലോകത്തെവിടെയും ബിസിനസ് വ്യാപിപ്പിക്കാന്‍വേണ്ടി ഡിജിറ്റല്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ടൂറിസം സംരംഭങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ടൂറിസം മേഖലയില്‍ രാജ്യത്തിനകത്തും പുറത്തും മല്‍സരം ശക്തമാകുമ്പോള്‍, വിപണിയില്‍ മുന്നേറാന്‍ സഹായിക്കുന്ന ബദല്‍ വിപണന തന്ത്രങ്ങളിലും അതിനൂതന സാങ്കേതികവിദ്യയിലും തികച്ചും പ്രായോഗികവും ചെലവു കുറഞ്ഞതുമായ പരിഹാര മാര്‍ഗങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടും.

ഫേസ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളെ ബിസിനസ് വളര്‍ച്ച നേടാനും ബ്രാന്‍ഡ് ശ്രദ്ധ നേടാനുമായി എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താമെന്നും സമ്മേളനം ചര്‍ച്ച ചെയ്യും. രാജ്യാന്തര പ്രഭാഷകരും വിഷയ വിദഗ്ധരുമുള്‍പ്പെടുന്ന സമ്മേളനത്തില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്നതിനെപ്പറ്റിയും മാര്‍ഗനിര്‍ദേശം ലഭിക്കുമെന്നും അനീഷ് കുമാറും ശ്രീകുമാര മേനോനും ചൂണ്ടിക്കാട്ടി.

സമ്മേളനത്തിനു മുന്നോടിയായി കേരളത്തെ മധുവിധു സങ്കേതമായി അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഫേസ്ബുക്ക് പ്രചാരണ പരിപാടി കോവളത്തു നടത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച മധുവിധു സങ്കേതമായി കേരളത്തെ ‘ട്രാവല്‍ പ്ലസ് ലീഷര്‍’ മാസികയുടെ വായനക്കാര്‍ തിരഞ്ഞെടുത്തിട്ടുണ്ട്.

2013ല്‍ കോവളത്താണ് ആദ്യ ഐസിടിടി സമ്മേളനം നടന്നത്. ഡിജിറ്റല്‍വല്‍ക്കരണം ചുവടുറപ്പിച്ചുകൊണ്ടിരുന്ന ഘട്ടത്തില്‍ സാങ്കേതികവിദ്യാ മാറ്റങ്ങളില്‍ ബോധവല്‍ക്കരണം ലക്ഷ്യമിട്ടുനടന്ന ആദ്യസമ്മേളനം കൂടിയായിരുന്നു അത്. മൂന്നുവര്‍ഷം കൊണ്ടു സാങ്കേതിക വിദ്യയിലുണ്ടായ വന്‍ കുതിച്ചുചാട്ടം തിരിച്ചറിയാനും സാങ്കേതികവിദ്യയില്‍ പ്രബുദ്ധരായ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനുമുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനുമാവും കൊച്ചി സമ്മേളനത്തിന്റെ ശ്രമം.

കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്‌ട്രേഷനും
www.icttindia.org www.facebook.com/ictt2013.

NO COMMENTS

LEAVE A REPLY