തിരുവനന്തപുരം : ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഇന്ന് നടക്കും. സ്ത്രീ ഭക്തജനങ്ങളാണ് പൊങ്കാല അര്‍പ്പിക്കാന്‍ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തുക. വിവിധ സര്‍ക്കാര്‍ -അര്‍ധസര്‍ക്കാര്‍ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ഉത്സവത്തിന്റെ നടത്തിപ്പിനായി സജ്ജീകരിച്ചിട്ടുള്ളത്. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയ ചടങ്ങോടെയാണ് ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിച്ചത്. ആറ്റുകാല്‍ പൊങ്കാലയ്ക്കായി സര്‍ക്കാര്‍ തലത്തില്‍ വിപുലമായ ഒരുക്കങ്ങളും തയാറെടുപ്പുകളുമാണ് പൂര്‍ത്തിയായത്.വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ പൊലീസ് ജില്ലാഭരണകൂടം തുടങ്ങിയവയും രംഗത്തുണ്ട്. ആറായിരത്തിലധികം പൊലീസുകാരെയാണ് നാളെ നഗരത്തില്‍ വിന്യസിക്കുക.
തിരക്ക് കണക്കിലെടുത്ത് പൊങ്കാലയ്ക്കായി അരയേക്കറോളം സ്ഥലം ക്ഷേത്രം ട്രസ്റ്റ് വിലയ്ക്കു വാങ്ങിയിരിക്കുകയാണ്. ആറ്റുകാല്‍ ക്ഷേത്രത്തിലെ രണ്ടു പ്രധാന നേര്‍ച്ചകളായ കുത്തിയോട്ടവും താലപ്പൊലിയും നാളെയാണ് നടക്കുക. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇത്തവണയും ഉത്സവാഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. പ്ലാസ്റ്റിക് കവറുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കാന്‍ അനുവദിക്കില്ല. പൊങ്കാലയ്ക്കെത്തുന്നവര്‍ സ്വര്‍ണാഭരണങ്ങള്‍ ഒഴിവാക്കി കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. പൊതുവഴിയലും നടപ്പാതകളിലെ ഓടുകള്‍ക്കു മുകളിലും പൊങ്കാലയിടാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.