തിരുവനന്തപുരം : മാർച്ച് ഏഴിന് നടക്കുന്ന ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പൊങ്കാലയോട് അനുബന്ധിച്ച് നടത്തുന്ന നിരവധി ഉപ ഉത്സവങ്ങളിൽ ഭക്ഷ്യസുരക്ഷ, ഉച്ചഭാഷിണി ഉപയോഗം, റോഡ് ഗതാഗതം എന്നിവ നിയമാനുസൃതമായിരിക്കണമെന്ന് മന്ത്രി ശിവൻകുട്ടി അഭ്യർഥിച്ചു. ചൂടുകാലത്ത് വൃത്തിഹീനമായ ഭക്ഷണവും ദാഹശമനികളുമല്ല വിതരണം ചെയ്യുന്നത് എന്ന് ഉറപ്പാക്കണം. ഗതാഗതം തടസ്സപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും അനുവദിക്കാനാകില്ല.
ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന പൊങ്കാലയുടെ സ്‌പെഷ്യൽ ഓഫീസർ ചുമതല തിരുവനന്തപുരം സബ്കളക്ടർ അശ്വതി ശ്രീനിവാസിനാണ്. പൊങ്കാലയുമായി ബന്ധപ്പെട്ട് അടിയന്തിരമായി നടത്തേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ/ശുചീകരണ നടപടികൾ എന്നിവയുടെ എസ്റ്റിമേറ്റ് ബന്ധപ്പെട്ട വകുപ്പ് മേധാവികൾ ജില്ലാ കളക്ടർ മുഖേന സമർപ്പിക്കണം. ഇതിന്റെ തുടർനടപടിക്ക് ധനകാര്യ വകുപ്പിന്റെ അനുമതിയോടുകൂടി തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് 2.50 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്.
തദ്ദേശസ്വയംഭരണ വകുപ്പ് അനുവദിച്ച തുകക്ക് പുറമെ തിരുവനന്തപുരം നഗരസഭ 5.2 കോടി രൂപ കൂടി ചെലവിടുന്നതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. ഭക്ഷണം വിതരണം ചെയ്യുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്. ഹരിത പ്രോട്ടോക്കോൾ പരിശോധനക്കായി സ്‌ക്വാഡ് സജീവമായി രംഗത്തുണ്ട്. നഗരസഭാ ഹെൽത്ത് സ്‌ക്വാഡിന്റെ സജീവ പ്രവർത്തനവും ഉറപ്പാക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ ഉണ്ടാകും. ഹെൽത്ത് സർവീസിന്റെ 10 ആംബുലൻസും നൂറ്റി എട്ടിന്റെ (108) രണ്ട് ആംബുലൻസും നഗരസഭയുടെ മൂന്ന് ആംബുലൻസും പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷന്റെ 10 ആംബുലൻസും സജ്ജമാക്കിയിട്ടുണ്ട്. ആറ് മെഡിക്കൽ ക്യാമ്പുകളും ഇതിന്റെ ഭാഗമായി ഉണ്ടാകും. ഉത്സവമേഖലയിൽ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വിപണനവും കർശനമായി തടയാനുള്ള നടപടികൾ ഉണ്ടാകും. എക്സൈസ് വകുപ്പിന്റെ പ്രത്യേക പെട്രോളിങ്ങും അനുബന്ധ പരിശോധനകളും ഉണ്ടായിരിക്കും. സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി 2000 പുരുഷ പോലീസിനെ കൂടാതെ 750 വനിതാ പോലീസിനെ കൂടി നിയോഗിക്കും.
ഉത്സവ മേഖലയിൽ ട്രാൻസ്ഫോർമർ, ലൈറ്റുകൾ, സോഡിയം വേപ്പർ ലാമ്പിനു പകരം എൽ.ഇ.ഡി. ബൾബുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തികളുടെ അന്തിമ ഘട്ടത്തിലാണ് കെ.എസ്.ഇ.ബി. കെ.എസ്.ആർ.ടി.സി അധിക സർവ്വീസുകൾ നടത്തുന്നതിനും കൺട്രോൾ റൂമുകൾ ആരംഭിക്കുന്നതിനും ബസുകൾക്ക് പാർക്കിംഗ് സൗകര്യം കണ്ടെത്തുന്നതിനും തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. പൊങ്കാല പ്രമാണിച്ച് സപ്ലൈകോയുടെ മൊബൈൽ മാവേലി സ്റ്റോർ മാർച്ച് 5, 6, 7 തീയ്യതികളിൽ പ്രവർത്തിക്കും. ഉത്സവ മേഖലയിലെ റേഷൻ കടകളിൽ മിന്നൽ പരിശോധന നടത്തുന്നതിന് സപ്ലൈ ഓഫീസിന്റെയും ലീഗൽ മെട്രോളജി സ്‌ക്വാഡുകളുടെയും സജീവ പ്രവർത്തനം ഉറപ്പാക്കിയിട്ടുണ്ട്.
അഗ്‌നിശമന സേനയുടെ ആറ് കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. വാർത്താ സമ്മേളനത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ്, സിറ്റി പോലീസ് കമ്മീഷണർ നാഗരാജു സി, സബ്ബ് കളക്ടർ അശ്വതി ശ്രീനിവാസ്, കൗൺസിലർ ആർ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.