ഓസ്‌ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 487 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.

227

ബര്‍മിങ്ങാം:ഓസ്‌ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 487 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയലക്ഷ്യം 398 റണ്‍സ്. രണ്ടാമിന്നിങ്‌സ് ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിന് 90 റണ്‍സ് ലീഡുണ്ടായിരുന്നു. ഓസീസിനായി സ്റ്റീവ് സ്മിത്തും മാത്യു വെയ്ഡും സെഞ്ചുറി കണ്ടെത്തി. 131 പന്തില്‍ നിന്നായിരുന്നു വെയ്ഡിന്റെ സെഞ്ചുറി ഇന്നിങ്സ്. ഇതിന് പിന്നാലെ വെയ്ഡ് പുറത്തായി. 143 പന്തില്‍ 17 ഫോറിന്റെ അകമ്ബടിയോടെ 110 റണ്‍സ് നേടിയ വെയ്ഡിനെ സ്റ്റോക്ക്സ് പുറത്താക്കുകയായിരുന്നു.ഇനി ഒരു ദിവസം കൂടിയാണ് ടെസ്റ്റ് ബാക്കിയുള്ളത്.

85.1 ഓവറില്‍ 207 പന്തില്‍ നിന്ന് 142 റണ്‍സെടുത്ത സ്മിത്തിനെ വോക്സിന്റെ പന്തില്‍ ബെയര്‍സ്റ്റോയാണ് പിടിച്ച്‌ പുറത്താക്കിയത്. ഇതോടെ തിരശ്ശീല വീണത് വെയ്ഡിനൊപ്പമുള്ള 126 റണ്‍സിന്റെ കൂട്ടുകെട്ടാണ്. സ്മിത്ത് വീഴുമ്ബോള്‍ ഓസ്ട്രേലിയന്‍ ടീം സ്‌കോര്‍ 331 റണ്‍സായിരുന്നു. പിന്നീട് ആറാം വിക്കറ്റില്‍ ടിം പെയ്നിനെ കൂട്ടുപിടിച്ച്‌ വെയ്ഡ് 76 റണ്‍സ് കൂടി സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു.

മൂന്നിന് 124 റണ്‍സ് എന്ന നിലയിലാണ് ഓസ്ട്രേലിയ നാലാം ദിനം കളിയാരംഭിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷമാണ് സ്മിത്ത് സെഞ്ചുറി പൂര്‍ത്തിയാക്കി. 147 പന്തില്‍ നിന്ന് 10 ഫോറിന്റെ അകമ്ബടിയോടെയായിരുന്നു സ്മിത്തിന്റെ സെഞ്ചുറി. ടെസ്റ്റ് കരിയറില്‍ 25-ാമത്തേയും ഇംഗ്ലണ്ടിനെതിരേ പത്താമത്തേയും സെഞ്ചുറിയാണ് സ്മിത്ത് നേടിയത്. നേരത്തെ ആദ്യ ഇന്നിങ്സില്‍ സ്മിത്ത് സെഞ്ചുറി കണ്ടെത്തിയിരുന്നു.

ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് നാലാം ദിനം ഓസീസിന് ആദ്യം നഷ്ടപ്പെട്ടത്. 51 റണ്‍സെടുത്ത ഹെഡ്ഡിനെ സ്റ്റോക്ക്‌സ് പുറത്താക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്തിനൊപ്പം 131 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഹെഡ് പുറത്തായത്.

ഏഴാമനായി പുറത്തായ ടിം പെയ്ന്‍ 44 പന്തില്‍ 34 റണ്‍സ് നേടി. 47 റണ്‍സോടെ പാറ്റിന്‍സണും 25 റണ്‍സുമായി കമ്മിന്‍സും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്ക്‌സ് മൂന്നും മോയിന്‍ അലി രണ്ടും വിക്കറ്റ് വീഴ്ത്തി.ഓപ്പണര്‍മാരായ ബാന്‍ക്രോഫ്റ്റ്, വാര്‍ണര്‍, ഉസ്മാന്‍ ഖ്വാജ എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് മൂന്നാം ദിനം നഷ്ടമായിരുന്നു. ഉസ്മാന്‍ ഖ്വാജ 40 റണ്‍സെടുത്തപ്പോള്‍ വാര്‍ണറും ബാന്‍ക്രോഫ്റ്റും രണ്ടക്കം കണ്ടില്ല. നേരത്തെ ഒന്നാമിന്നിങ്സില്‍ 284 റണ്‍സെടുത്ത ഓസ്ട്രേലിയക്കെതിരേ 90 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട് നേടിയത്. 374 റണ്‍സിനാണ് ഇംഗ്ലണ്ട് ഓള്‍ഔട്ടായത്. നാലിന് 267 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം കളിയാരംഭിച്ച ഇംഗ്ലണ്ടിന് ക്ഷണത്തിലാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായത്.

ബെന്‍ സ്റ്റോക്സ് (50), റോറി ബേണ്‍സ് (133), മൊയിന്‍ അലി (0) ജോണി ബെയര്‍സ്റ്റോ (8), സ്റ്റുവര്‍ട്ട് ബ്രോഡ് (29) എന്നിവരാണ് മൂന്നാം ദിനം പുറത്തായ മറ്റ് ബാറ്റ്സ്മാന്മാര്‍. 95 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത ക്രിസ് വോക്സ് പുറത്താകാതെ നിന്നു.

തലേദിവസത്തെ സ്‌കോറിനോട് കേവലം 107 റണ്‍സാണ് ഇവര്‍ക്ക് ചേര്‍ക്കാനായത്. ഇതിനിടെ ആറ് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ബ്രോഡും വോക്സും ചേര്‍ന്ന് ഒന്‍പതാം വിക്കറ്റില്‍ നേടിയ 65 റണ്‍സന്റെ കൂട്ടുകെട്ട് മാത്രമായിരുന്നു മൂന്നാം ദിനം അവര്‍ക്ക് ആശ്വസിക്കാന്‍ ഉണ്ടായിരുന്നത്.

ബെന്‍ സ്റ്റോക്സാണ് മൂന്നാം ദിനം ആദ്യം പുറത്തായത്. 96 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത സ്റ്റോക്സിനെ കമ്മിന്‍സിന്റെ പന്തില്‍ കീപ്പര്‍ പെയ്ന്‍സ് പിടിക്കുകയായിരുന്നു. 97.1 ഓവറില്‍ അഞ്ചാം വിക്കറ്റ് വീഴുമ്ബോള്‍ 282 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ഓസീസ് സ്‌കോറിനേക്കാള്‍ രണ്ട് റണ്‍സ് പിറകില്‍. ഓസ്ട്രേലിയക്കുവേണ്ടി കമ്മന്‍സും ലയണും മൂന്ന് വിക്കറ്റ് വീതവും പാറ്റിന്‍സണും സിഡിലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

NO COMMENTS