കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഓട്ടോ – ടാക്‌സി തൊഴിലാളികള്‍ പണിമുടക്കുന്നു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് പണിമുടക്ക്.
നഗരത്തില്‍ തുടങ്ങാനിരിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസിനെതിരെയും, ഓട്ടോകളിലും, ടാക്‌സികളിലും സ്‌പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന ഉത്തരവിനെതിരെയുമാണ് പ്രതിഷേധം. ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ രാവിലെ 12 മണിക്ക് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും. കോഴിക്കോട് നഗരത്തില്‍ മാംഗോ കാബുകള്‍ക്ക് ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസ് നടത്താന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. ഇത് തങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് കോഴിക്കോട്ടെ ഓട്ടോ – ടാക്‌സി തൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞദിവസം ഓട്ടോ തൊഴിലാളികളുടെയും മാംഗോ കാബ് അധികൃതരുടെയും യോഗം കളക്‌ടര്‍ വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ ഈ യോഗം തീരുമാനം ആകാതെ പിരിയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച് ഓട്ടോ – ടാക്‌സി തൊഴിലാളികള്‍ ഇന്ന് നഗരത്തില്‍ പണിമുടക്ക് നടത്തുന്നത്.