ന്യൂഡല്‍ഹി • ആക്സിസ് ബാങ്ക് നോയിഡ സെക്ടര്‍ 51 ശാഖയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ക്രിമിനല്‍ കേസെടുത്തു. തന്‍റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ തുറന്നു പണം നിക്ഷേപിച്ചുവെന്ന് ഡല്‍ഹി നിവാസി എന്‍.പസ്വാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പുപ്രകാരം കേസെടുത്തത്. ബാങ്കില്‍ 20 വ്യാജ അക്കൗണ്ടുകളിലായി 60 കോടി രൂപ നിക്ഷേപിച്ചുവെന്നു കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പു നടത്തിയ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. ബാങ്കുകളിലെ അക്കൗണ്ടുകളില്‍ ആദായ നികുതി വകുപ്പു നടത്തുന്ന പരിശോധനയ്ക്കു പുറമേയാണ് ഇഡി അന്വേഷണം പ്രഖ്യാപിച്ചത്. തന്റെ പേരും വിവരങ്ങളും ഉപയോഗിച്ചു സേവിങ്സ്, കറന്റ് അക്കൗണ്ടുകള്‍ തുറന്നാണു കോടികള്‍ നിക്ഷേപിച്ചതെന്നു പൊലീസിനു നല്‍കിയ പരാതിയില്‍ പസ്വാന്‍ ചൂണ്ടിക്കാട്ടി. പൊലീസ് കൈമാറിയ വിവരങ്ങള്‍ പ്രകാരമാണ് ഇഡി കേസെടുത്തത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നതിനു പിന്നാലെ ബാങ്കില്‍ ആരംഭിച്ച അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. 24 അക്കൗണ്ടുകളിലെ ഇടപാടുകള്‍ സംശയാസ്പദമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.