ന്യൂഡല്‍ഹി: അയോധ്യ കേസില്‍ വാദം കേള്‍ക്കുന്നതിനുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റീസുമാരായ അബ്ദുള്‍ നസീര്‍, അശോക് ഭൂഷണ് എന്നിവരാണ് പുതിയ അംഗങ്ങള്‍. ജസ്റ്റീസ് എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഢ് എന്നിവരാണു മറ്റ് അംഗങ്ങള്‍. കേസ് ജനുവരി 29-ന് പരിഗണിക്കും.ജസ്റ്റീസ് യു.യു ലളിത് പിന്മാറിയതിനെ തുടര്‍ന്നാണ് ബെഞ്ച് പുനഃസംഘടിപ്പിച്ചത്.
പുനഃസംഘടനയില്‍ നേരത്തെ അംഗമായിരുന്ന ജസ്റ്റീസ് എന്‍.വി. രമണയേയും മാറ്റി. അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിനു വേണ്ടി അഭിഭാഷകനായിരിക്കെ യു.യു ലളിത് അലഹബാദ് ഹൈക്കോടതിയില്‍ ഹാജരായിരുന്നു. ഇക്കാര്യം സുപ്രീം കോടതിയില്‍ മുസ്ലിം സംഘനടകള്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രാജീവ് ധവാന് ചൂണ്ടിക്കാട്ടിയതോടെയാണ് യു.യു ലളിത് ഭരണഘടനാ ബെഞ്ചില്‍നിന്നും പിന്മാറിയത്.