ദില്ലി: രാജസ്ഥാനിലെ പാലിയില്‍ നിന്നുള്ള ബിജെപി എം എല്‍ എ ഗ്യാന്‍ചന്ദ് പ്രകാശ് ആണ് സുപ്രീംകോടതി വിധി പറയുന്നതിനു മുമ്പ് തന്നെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. സുപ്രീംകോടതി കേസില്‍ വിധി പറയാന്‍ സാധ്യതയുള്ള ദിവസമാണ് നവംബര്‍ 17 . പാലിയിലെ രാംലീല പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു എം എല്‍ എ ഗ്യാന്‍ചന്ദ്.
അയോധ്യ കേസില്‍ നല്ല വാര്‍ത്ത കാത്തിരിക്കുന്നുവെന്നാണ് കഴിഞ്ഞദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചത്. നവംബര്‍ 17ന് അയോധ്യയിലെ തര്‍ക്കസ്ഥലത്ത് രാമക്ഷേത്രം പണിയുമെന്നാണ് രാജസ്ഥാനിലെ ബിജെപി നേതാവ് തൊട്ടുപിന്നാലെ പറഞ്ഞിരിക്കുന്നത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ അന്തിമവാദം നടക്കവെയാണ് ബിജെപി നേതാക്കളുടെ വിവദ പ്രസ്താവനകള്‍. സുപ്രീംകോടതിയില്‍ നടക്കുന്ന വാദം ഒക്ടോബര്‍ 17ന് അവസാനിക്കും. അന്നുതന്നെ ക്ഷേത്രം നിര്‍മിക്കും. ഈ വര്‍ഷം വളരെ അനുകൂലവും ശുഭകരവുമാണെന്നും ബിജെപി എംഎല്‍എ പറഞ്ഞു.
സുപ്രീംകോടതിയിലെ കേസില്‍ മുസ്ലിം വിഭാഗത്തിന്റെ വാദം ഈ മാസം 14ന് പൂര്‍ത്തിയാകും. ഹിന്ദു വിഭാഗങ്ങളുടെ വാദം 16നും അവസാനിക്കും. അന്തിമ വാദം ഒക്ടോബര്‍ 17ന് അവതരിപ്പിക്കാം. നവംബര്‍ 17ന് വിധി പ്രഖ്യാപിച്ചേക്കാം. അന്നാണ് ചീഫ് ജസ്റ്റിസ് വിരമിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ്‌എ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്‌എ നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അയോധ്യ കേസ് പരിഗണിക്കുന്നത്.