തിരുവനന്തപുരം : സ്വാസ്ഥ്യം, സുഖായുഷ്യം, പുനർജനി, അമൃതം പദ്ധതികളുമായി രോഗപ്രതിരോധ പദ്ധതി കളുമായി ആയുർരക്ഷാ ക്ലിനിക്കുകളമായി ആയുർവേദ വിഭാഗം സജീവം. ഗവ. ആയുർവേദ സ്ഥാപനങ്ങളിൽ ആയുർരക്ഷാ ക്ലിനിക്കുകൾ രൂപീകരിച്ചാണ് സർക്കാർ ഈ പ്രവർത്തനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നത്. ഈ കോവിഡ് കാലയളവിൽ ‘കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം’ എന്ന രീതിയിലാണ് പൊതുജനാരോഗ്യത്തിൽ സർക്കാർ നിർദേശപ്രകാരം പ്രവർത്തിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ 113 ആയുർ രക്ഷ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. കോവിഡ് രോഗികളുടെ എണ്ണം ഉൾപ്പെടെ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധമാർഗങ്ങൾക്കു മുൻതൂക്കം നൽകി ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടി വരും. പ്രധാനമായും മാസ്‌ക്, സോപ്പ്, സാനിട്ടൈസർ എന്നിവയുടെ ശരിയായ ഉപയോഗവും അതിനൊപ്പം രോഗപ്രതിരോധശക്തി ശരിയായവിധം പ്രവർത്തനക്ഷമമായിരിക്കുകയും ചെയ്താൽ കോവിഡ്-19 ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെ നിയന്ത്രണ വിധേയമാക്കാനാകും.
മരുന്നുകൾ പരമാവധി കുറച്ച് ദിനചര്യ, കാലാവസ്ഥാചര്യ, നല്ല ഭക്ഷണം, കൃത്യനിഷ്ഠ,ലഘു വ്യായാമം തുടങ്ങിയവ ശീലമാക്കുവാനുള്ള ഇടപെടൽ നടത്തുകയാണ് ‘സ്വാസ്ഥ്യം’ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യം വർദ്ധിപ്പിച്ച് ശാരീരികവും മാനസികവുമായ രോഗങ്ങളെ അകറ്റുവാനുള്ള മാർഗ്ഗങ്ങളാണ് ഉപദേശിക്കുന്നതും ബോധവൽക്കരിക്കുന്നതും. അതായത് ആരോഗ്യവാനായ ഒരാളിന്റെ ആരോഗ്യാവസ്ഥ തുടർന്നും നിലനിർത്തികൊണ്ട് പോകാനുള്ള മാർഗ്ഗങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
പകർച്ചവ്യാധികൾ ഏറ്റവും വേഗത്തിൽ പിടികൂടാൻ സാധ്യതയുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പ്രത്യേക ആരോഗ്യ ശ്രദ്ധ നൽകണം. അവർക്കുള്ള മരുന്നുകൾ അവരുടെ ദേഹബലത്തെ ക്ഷീണിപ്പിക്കാത്തവിധം വീര്യം കുറഞ്ഞവയും എന്നാൽ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നവയും ആയിരിക്കണം. ഇതിലുപരി നിലവിലുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് തടസ്സമാകാത്തവിധമുള്ളതും കൂടി ആയിരിക്കണം. അതിനുള്ള പദ്ധതിയാണ് സുഖായുഷ്യം എന്ന പേരിൽ ആയുർരക്ഷാ ക്ലിനിക്കുകൾ വഴി ഒരുക്കിയിട്ടുള്ളത്. നിലവിലുള്ള രോഗങ്ങളുടെ ശമനത്തിനുവേണ്ടി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾക്കൊപ്പമാണ് ഈ മരുന്നുകളും കഴിക്കേണ്ടത്.
കോവിഡ്19 പോസിറ്റീവ് ആയിരുന്നവർ, ചികിത്സ കഴിഞ്ഞ് നെഗറ്റീവ് ആയ ശേഷം വീണ്ടും 15 ദിവസത്തെ വിശ്രമം കൂടി കഴിഞ്ഞിട്ട് അവരുടെ ആരോഗ്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. അതല്ലെങ്കിൽ കോവിഡ് വന്നതു കാരണമുള്ള നിരവധി മറ്റ് രോഗങ്ങൾ കൂടി അവരെ തേടി വരും. അതിനാവശ്യമായ പ്രതിരോധ ഔഷധങ്ങളാണ് ‘പുനർജ്ജനി’ പദ്ധതി വഴി നൽകുന്നത്. കൂടുതൽ കൃത്യതയോടെയുള്ള ചികിത്സകളും വിവിധതരത്തിലുള്ള മരുന്നുകളും ശ്രദ്ധയും ഇതിനായി വേണ്ടിവരും.
ക്വാറന്റയിനിൽ കഴിയുന്നവർക്ക് ആയുർവേദ പ്രതിരോധ ഔഷധങ്ങൾ നൽകുന്ന പദ്ധതിയാണ് ‘അമൃതം’. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള എല്ലാ ഗവ.ആയുർവേദ ഡിസ്പെന്സറികളിലും ആശുപത്രികളിലും ഈ സേവനം ലഭ്യമാണ്.
ഓൺലൈൻ സംവിധാനം വഴി ഡോക്ടറോട് വിവരങ്ങൾ പറയുന്നതിനും ഏറ്റവും അടുത്ത സർക്കാർ സ്ഥാപനത്തിൽ നിന്നും ഔഷധങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിയാണ് ‘നിരാമയ’. വാർഡ് തല സമിതികൾ, സന്നദ്ധപ്രവർത്തകർ തുടങ്ങി നിരവധിപേർ രോഗികൾക്ക് സഹായം എത്തിക്കാനുള്ള ഈ പദ്ധതിയിൽ സഹായകരായി മാറും. പരമാവധി ആൾക്കാരെ വീട്ടിലിരുത്തുക എന്നതും ആധുനിക വിനിമയ സംവിധാനങ്ങളിലൂടെ ചികിത്സ യഥാസമയം ലഭ്യമാക്കുക എന്നതും കൂടി ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
മരുന്ന് മാത്രമല്ല ഒപ്പം നല്ല ഭക്ഷണവും നല്ല ജീവിത ശീലങ്ങളും രോഗശമനത്തെ ഉണ്ടാക്കുമെന്നു ഓർക്കുക. ഹിതമായത് ഉപയോഗിച്ചും ആവശ്യമില്ലാത്തത് ഉപേക്ഷിച്ചും മരുന്ന് കഴിക്കുമ്പോളാണ് അസുഖം എളുപ്പം നിയന്ത്രിക്കുവാൻ സാധിക്കുന്നത്.സമ്പൂർണ്ണ ആരോഗ്യം ഉണ്ടായിരിക്കുക എന്നതുവഴി രോഗങ്ങളകറ്റാനുള്ള അവസരമാണ് ആയുർവേദ സ്ഥാപനങ്ങൾ ഒരുക്കുന്നതെന്ന് ജില്ലാ ആയുർവേദ കോവിഡ്19 റെസ്പോൻസ് സെൽ അറിയിച്ചു.