തിരുവനന്തപുരം : അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള തടസ്സങ്ങൾ ദുരീകരിച്ച് നഗരപ്രദേശങ്ങളിലുള്ള പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്താനുള്ള നടപടികൾ കൈക്കൊണ്ടതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
കോവിഡ് മഹാമാരിയുടെയും മഴക്കാലജന്യ പകർച്ചവ്യാധികളുടെയും പശ്ചാത്തലത്തിൽ രോഗ പ്രതിരോധത്തിനുള്ള ആരോഗ്യ ജാഗ്രതാ പരിപാടികളും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും മാലിന്യ സംസ്‌കരണ പ്രവർത്തന ങ്ങളും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിർവഹിക്കാനാവും. ജലസംരക്ഷണം, കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ, മൃഗസംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട തൊഴിലുകളും പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കാവുന്നതാണ്. മൊത്തം പദ്ധതി തുകയുടെ നാലിലൊന്നിൽ അധികരിക്കാത്ത തുക ഇത്തരം പ്രൊജക്ടുകൾക്കായി വകയിരുത്താമെന്നും അതിനായി ലേബർ ബജറ്റുകളിൽ ഭേദഗതി വരുത്തുന്നതിന് അനുമതി നൽകിയതായും മന്ത്രി വ്യക്തമാക്കി.
ലോക്ഡൗൺ അടക്കമുള്ള അസൗകര്യങ്ങൾ മൂലം 2020-21 സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കാൻ കഴിയാതെ പോയ എല്ലാ പ്രവൃത്തികളും 2021 – 22 വർഷത്തെ ആക്ഷൻപ്ലാനിലും ലേബർ ബജറ്റിലും സ്പിൽ ഓവറായി ഉൾപ്പെടുത്താൻ അനുമതി നൽകിയതായും മന്ത്രി അറിയിച്ചു.