മലപ്പുറം: കേരളത്തില്‍ ഇപ്പോള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന അഴിമതികള്‍ സംസ്ഥാന ചരിത്രത്തില്‍ തന്നെ കേട്ടു കേള്‍വിയില്ലാത്ത താണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുക യായിരുന്നു അദ്ദേഹം.
അഴിമതി ആരോപണങ്ങളും അതിലുള്‍പ്പെട്ട പേരുകളും ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ടെന്നും അധികാരത്തിന്റെ ഉന്നതസ്ഥാനത്തിലിരിക്കുന്നവര്‍ക്ക് ഇത്തരത്തില്‍ അഴിമതിയില്‍ പങ്കാളികളാവാന്‍ കഴിയുമോ എന്നത് ജനങ്ങളെ സ്തബ്ദരാക്കിയെന്നും പൊതുജീവിതത്തില്‍ ആരോപണങ്ങള്‍ ഉണ്ടാകാ റുണ്ടെങ്കിലും ഇത്ര ആഴത്തിലുള്ള അഴിമതികളെ കുറിച്ച് കേട്ടുകേള്‍വിയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഭരണത്തലവന്റെ ഓഫീസിനെ കുറിച്ച് ആരോപണം ഉയരുമ്പോള്‍ യു.ഡി.എഫിന് അതേ കുറിച്ച് ജനങ്ങളോട് പറയാതിരിക്കാനാ വില്ല. അത് കൊണ്ടാണ് യു.ഡി.എഫ് നിരന്തരം അഴിമതികളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഉത്തരവാദിത്വത്തെ കുറിച്ച് പറഞ്ഞ് കൊണ്ടിരുന്നത്. യു.ഡി.എഫ് ഉന്നയിച്ച വിഷയങ്ങള്‍ ശരിയായിരുന്നുവെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി വരികയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തില്‍ ഇപ്പോള്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുന്ന കേസുകളില്‍ സി. പി. എമ്മിന്റെയും പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളുടെയും പങ്കിനെ കുറിച്ചുള്ള വിശദ റിപ്പോര്‍ട്ടുകള്‍ വരട്ടെയെന്നും എം.പി പറഞ്ഞു.
ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്ന പരിശോധനയിൽ മനുഷ്യാവകാശ ലംഘനമുണ്ടെന്നും ബാലാവകാശ കമ്മീഷന്‍ വരെ ഇടപെടുന്ന സാഹചര്യവും കുട്ടികളെയും പ്രായമായവരെയും ഉപദ്രവിക്കുന്നുവെന്ന ആക്ഷേപവുമാണൂയരുന്നത്. ഇക്കാര്യം പരിശോധിക്കേണ്ടത് അന്വേഷണ ഏജന്‍സി യാണ്.
ഏജന്‍സികള്‍ക്ക് അന്വേഷണം നടത്തുന്നതിന് നിയമവും രീതികളുമുണ്ട്. തദ്ദേശ തെരഞ്ഞെടു പ്പിലും തുടര്‍ന്ന് വരുന്ന നിയമസഭാ തെരഞ്ഞെടു പ്പിലും യു.ഡി.എഫ് തരംഗമുണ്ടാവുമെന്നും അഴിമതിയില്‍ മുങ്ങിയിരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന് കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യില്ലയെന്നും യു.ഡി.എഫ് കേരളത്തില്‍ ശക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപം നടത്തിയവരുടെ പണം വേഗത്തില്‍ തിരിച്ചു നല്‍കണമെന്നാണ് മുസ്‌ലിം ലീഗ് ആദ്യംമുതല്‍ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം വേഗത്തിലാക്കാന്‍ കഴിഞ്ഞ ദിവസം എം.എല്‍.എ അടക്കമുള്ള കമ്പനിയുടെ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.