ന്യൂഡല്‍ഹി: ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പില്‍ വരുത്തുന്നതില്‍ ഉദാസീനത കാണിക്കുന്നതിന് ബി.സി.സി.ഐയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷമായ വിമര്‍ശവും താക്കീതും. സംഘടനാ സംവിധാനത്തില്‍ ലോധ കമ്മിറ്റി നിര്‍ദേശിച്ച പരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്തിയില്ലെങ്കില്‍ ഭാരവാഹികളെ മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ കേസിന്റെ വാദത്തിനിടെ പറഞ്ഞു. ലോധ കമ്മിറ്റി മാനദണ്ഡം ഉണ്ടാക്കിയതിനുശേഷം മാത്രമേ സംസ്ഥാന അസോസിയേഷനുകള്‍ക്ക് നല്‍കാനുള്ള 400 കോടി രൂപ ബി.സി.സി.ഐ വിതരണം ചെയ്യാന്‍ പാടുള്ളൂവെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.എന്നാല്‍ കുടിശ്ശിക വിതരണം ചെയ്യുന്നതില്‍ നിയമതടസ്സങ്ങളൊന്നുമില്ല-കോടതി പറഞ്ഞു.ബി.സി.സി.ഐയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായ ഒരു അവസ്ഥയിലാണ് സുപ്രീംകോടതിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്തെങ്കിലും പ്രത്യേക പ്രതിഭയുള്ളവരാണോ ബി.സി.സി.ഐ.യിലുള്ളതെന്നും പ്രസിഡന്റ് അനുരാഗ് താക്കൂര്‍ അധ്യക്ഷപദവി ഏറുന്നതിന് മുന്‍പ് ഒരു രഞ്ജി മത്സരമെങ്കിലും കളിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. അനുരാഗ് താക്കൂര്‍ ഒരു ക്രിക്കറ്ററാണെന്ന ബി.സി.സി.ഐ.യ്ക്കുവേണ്ടി ഹാജരായ കപില്‍ സിബലിന്റെ വാദത്തെ, താന്‍ സുപ്രീം കോടതി ജഡ്ജിമാരുടെ ടീമിന്റെ ക്യാപ്റ്റനാണെന്ന് പറഞ്ഞ് പരിഹസിക്കുകയാണ് ചീഫ് ജസ്റ്റിസ് ചെയ്തത്.തങ്ങള്‍ നിര്‍ദേശിച്ച ശുപാര്‍ശകളൊന്നും ബി.സി.സി.ഐ നടപ്പില്‍വരുത്തിയിട്ടില്ലെന്നും ഇക്കാര്യം സൂചിപ്പിച്ച് പലകുറി ഇമെയിലുകള്‍ അയച്ചെങ്കിലും ഒന്നിനും മറുപടി ലഭിച്ചില്ലെന്നും ബി.സി.സി.ഐ മാധ്യമങ്ങളിലൂടെ വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും ലോധ കമ്മിറ്റി സുപ്രീംകോടതിയെ അറിയിച്ചു.ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ബി.സി.സി.ഐ. വോട്ടിങ്ങിലൂടെ തള്ളുകയാണുണ്ടാതെന്നും ലോധ കമ്മിറ്റിയുടെ കത്തുകള്‍ക്കെല്ലാം വേണ്ടവണ്ണം മറുപടി നല്‍കിയിട്ടുണ്ടെന്നും ബി.സി.സി.ഐ. കോടതിയെ അറിയിച്ചു. കേസിന്റെ വാദം തുടരുകയാണ്.