ന്യൂഡല്‍ഹി • ജസ്റ്റിസ് ആര്‍.എം. ലോധ സമിതി മുന്നോട്ടു വച്ച ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന നിലപാടിലുറച്ച് ബിസിസിഐ. ഡല്‍ഹിയില്‍ ചേര്‍ന്ന പ്രത്യേക പൊതുയോഗത്തിലാണ് തീരുമാനം. ലോധ സമിതി മുന്നോട്ടുവച്ച മുഴുവന്‍ നിര്‍ദേശങ്ങളും നടപ്പിലാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് യോഗം വിലയിരുത്തി. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്ബോള്‍ നിലപാട് സുപ്രീംകോടതിയെ അറിയിക്കും.എഴുപത് വയസിന് മുകളിലുള്ളവരെ ബിസിസിഐ ഭാരവാഹിയാക്കരുത്, മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ബിസിസിഐ ഭാരവാഹിത്വം വഹിക്കരുത് തുടങ്ങി ലോധ കമ്മിറ്റിയുടെ സുപ്രധാന നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന അസോസിയേഷനുകള്‍ യോഗത്തില്‍ അറിയിച്ചു. അതേസമയം, ത്രിപുര, വിധര്‍ഭ, രാജസ്ഥാന്‍ അസോസിയേഷനുകള്‍ ലോധ സമിതിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാം എന്ന നിലപാടിലാണ്. ശുപാര്‍ശകള്‍ അംഗീകരിക്കുന്നത് വരെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ബിസിസിഐ ഫണ്ട് നല്‍കരുതെന്നാണ് കോടതി ഉത്തരവ്. യോഗതീരുമാനങ്ങള്‍ പ്രസിഡന്‍റ് അനുരാഗ് ഠാക്കൂര്‍ തിങ്കളാഴ്ച സുപ്രീംകോടതിയെ അറിയിക്കും.