ന്യൂഡല്‍ഹി• രാജ്യത്തെ ക്രിക്കറ്റ് ഭരണസംവിധാനം ഉടച്ചുവാര്‍ക്കാനുള്ള ജസ്റ്റിസ് ലോധ സമിതി ശുപാര്‍ശകള്‍ നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് ബിസിസിഐയ്ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ താക്കീത്. എല്ലാത്തിലും തടസ്സം ഉന്നയിക്കുന്ന ബിസിസിഐ നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ല. ബിസിസിഐയില്‍ അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ലോധ സമിതിയെ ഈ ചുമതല ഏല്‍പ്പിക്കാം. ബിസിസിഐയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നും ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു.ലോധ സമിതി ശുപാര്‍ശകള്‍ പൂര്‍ണമായി അംഗീകരിച്ചില്ലെങ്കില്‍ അതിനു നിര്‍ദേശിച്ച് ഉത്തരവിറക്കുമെന്നു കോടതി മുന്നറിയിപ്പു നല്‍കിയിരുന്നു.എന്നാല്‍, ശുപാര്‍ശങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ബിസിസിഐ നിലപാട്. ഭാരവാഹികളുടെ പ്രായപരിധി, ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ ഒരു സംസ്ഥാനത്തിന് ഒരു വോട്ട്, ഒരു ഭാരവാഹിക്ക് ഒരു സ്ഥാനം, തുടര്‍ ഭാരവാഹിത്വങ്ങള്‍ക്കിടയിലെ ഇടവേള എന്നീ ശുപാര്‍ശകളിലാണ് എതിര്‍പ്പുള്ളത്. പല പദവികള്‍ വഹിക്കുന്ന ബിസിസിഐ ബോര്‍ഡ് പ്രസിഡന്റ് അനുരാഗ് ഠാക്കുര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു തിരിച്ചടിയാകുന്നതാണു ശുപാര്‍ശകള്‍.