തിരുവനന്തപുരം • സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ബിജെപി നടത്തിയ മാര്‍ച്ചില്‍ പതിനായിരങ്ങള്‍ അണിനിരന്നു. സെക്രട്ടറിയേറ്റ്, നിയമസഭ, സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫിസ് എന്നിവിടങ്ങളിലേക്കാണ് ബിജെപി ഒരേ സമയം മാര്‍ച്ച് നടത്തിയത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളിലുള്ള പ്രതിഷേധം മാര്‍ച്ചുകളില്‍ അലയടിച്ചു. സെക്രട്ടറിയേറ്റിലേക്കുളള മാര്‍ച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.ആയുര്‍വേദ കോളജ് ജംങ്ഷനില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
മുഖ്യമന്ത്രി എന്ന നിലയിലുള്ള കടമ നിര്‍വഹിക്കാന്‍ മാത്രമാണ് പിണറായി വിജയനോട് ബിജെപി ആവശ്യപ്പെടുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കുമ്മനം രാജേശഖരന്‍ പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാന്‍ ബാധ്യതയുള്ള മുഖ്യമന്ത്രി അത് ചെയ്യുന്നില്ലെങ്കില്‍ ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെടണം. മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചാല്‍ അതുമായി ബിജെപി സഹകരിക്കും. അത് പാര്‍ട്ടിയുടെ കടമയാണ്. പിണറായി ഭരണത്തില്‍ സിപിഎമ്മുകാര്‍ അല്ലാത്തവര്‍ കൊല്ലപ്പെടുകയാണ്. ജനങ്ങളെ ഒന്നായി കാണാന്‍ പിണറായി വിജയന്‍ തയ്യാറാകണം. അക്രമത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവര്‍ക്ക് രാഷ്ട്രീയം നോക്കാതെ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജീവിക്കാന്‍ വേണ്ടി സമരം ചെയ്യേണ്ടി വരുന്നു എന്നതാണ് നാലു മാസത്തെ പിണറായി ഭരണത്തിന്‍റെ ബാക്കി പത്രമെന്നും കുമ്മനം പറഞ്ഞു.
വെള്ളയമ്ബലം മാനവീയം വീഥിയില്‍ നിന്ന് കമ്മീഷണര്‍ ഓഫിസിലേക്ക് നടത്തിയ രണ്ടാമത്തെ മാര്‍ച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍റെ ഭരണത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് മാത്രമല്ല മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും രക്ഷയില്ലാതായി. ജനപ്രതിനിധികളെപ്പോലും സിപിഎമ്മുകാര്‍ അക്രമിക്കുകയാണ്. മനഃസാക്ഷിയില്ലാത്ത ആളായി കേരളത്തിന്‍റെ മുഖ്യമന്ത്രി മാറി. ചെകുത്താന്‍ വേദമോതുന്നതു പോലെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ അക്രമങ്ങളെ അപലപിച്ച് സംസാരിച്ചത്. അക്രമ സംഭവങ്ങള്‍ നടന്ന കണ്ണൂരില്‍ രണ്ട് ദിവസം ഉണ്ടായിട്ടും കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍റെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. സിപിഎം നേതാവില്‍ നിന്ന് എല്ലാവരുടേയും മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ഉയരണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
മ്യൂസിയം ജംങ്ഷനില്‍ നിന്ന് നിയമസഭയിലേക്കായിരുന്നു മൂന്നാമത്തെ മാര്‍ച്ച്. മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആയിരത്തോളം സ്ത്രീകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. കേരളത്തില്‍ ബിജെപി നേടിയ വളര്‍ച്ചയില്‍ വിളറി പൂണ്ട സിപിഎമ്മിന് മാനസികനില തെറ്റിയെന്ന് ഒ.രാജഗോപാല്‍ പറഞ്ഞു. കേരളത്തില്‍ മാത്രം പ്രവര്‍ത്തകരുള്ള പ്രാദേശിക പാര്‍ട്ടിയായി സിപിഎം മാറി. സ്ത്രീകളും കുട്ടികളും ദലിതരും സിപിഎം ഭരണത്തില്‍ അക്രമിക്കപ്പെടുകയാണ്. പിണറായി വിജയന്‍ ഭരണത്തില്‍ പൊലീസ് നിഷ്ക്രിയമാണ്. സിപിഎമ്മിന്‍റെ ആജ്ഞകള്‍ മാത്രമാണ് പൊലീസിന് നടപ്പാക്കാനാകുന്നത്. സ്വയംരക്ഷക്കായി സ്ത്രീകള്‍ക്ക് കറിക്കത്തി എടുക്കേണ്ട സാഹചര്യമാണ് ഉള്ളത്. സിപിഎം ശക്തി കേന്ദ്രങ്ങളില്‍ മാത്രം ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് പൊതു സമൂഹം ചിന്തിക്കണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.