ബലൂണ്‍, പ്രാവ് എന്നിവ വഴി ഭീഷണി സന്ദേശം അയക്കുന്ന പാക്കിസ്ഥാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് ‘മനഃശാസ്ത്രപരമായ ഒാപ്പറേഷന്’ : ബിഎസ്‌എഫ്

353

ജമ്മു • ഇന്ത്യയിലേക്ക് ബലൂണ്‍, പ്രാവ് എന്നിവ വഴി ഭീഷണി സന്ദേശം അയക്കുന്ന പാക്കിസ്ഥാന്റേത് ‘മനഃശാസ്ത്രപരമായ ഒാപ്പറേഷന്‍’ ആണെന്ന് അതിര്‍ത്തി സംരക്ഷണസേന (ബിഎസ്‌എഫ്). ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെയാണ് ഇത്തരം ഭീഷണികള്‍ തുടങ്ങിയത്. ജമ്മുവിന്റെയും പഞ്ചാബിന്റെയും അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവരെ ഭയപ്പെടുത്തുന്നതിനാണ് ഇത്തരം നീക്കമെന്നും ബിഎസ്‌എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഏതാനും ദിവസം മുന്‍പാണ് പഞ്ചാബിലെ ദിനഗറിലെ ഗീസാല്‍ ഗ്രാമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യുന്ന കുറിപ്പോടെ ബലൂണുകള്‍ അതിര്‍ത്തി കടന്ന് പറന്നെത്തിയത്. തൊട്ടുപിന്നാലെ, ബമിയാലില്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നു വിദേഷ്വ സന്ദേശവുമായി എത്തിയ പ്രാവിനെയും ബിഎസ്‌എഫ് പിടികൂടിയിരുന്നു.ഇത്തരം നീക്കങ്ങളെ മനഃശാസ്ത്രപരമായ ഒാപ്പറേഷന്‍ എന്നാണ് ബിഎസ്‌എഫ് വിശേഷിപ്പിച്ചത്. ജനങ്ങളെ ഭയപ്പെടുത്തുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്നതിനുമാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പ്രതികരണം എങ്ങനെയാണെന്ന് അറിയുന്നതിനുമാകാം ഇത്തരം നടപടികള്‍.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യുന്ന കുറിപ്പോടെ പറന്നെത്തിയ ബലൂണുകള്‍ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഉറുദുവില്‍ ‘അയൂബിന്റെ വാള്‍ ഇപ്പോഴും ഞങ്ങളുടെ കൈവശമുണ്ട്’ എന്നെഴുതിയ രണ്ടു ബലൂണുകളാണു ദിനനഗറിലെ ഗീസാല്‍ ഗ്രാമവാസികള്‍ക്കു ലഭിച്ചത്. തൊട്ടടുത്ത ദിവസമാണ് വിദ്വേഷ സന്ദേശവുമായി പാക്ക് അതിര്‍ത്തിയിലുള്ള ബമിയാലില്‍നിന്നു പ്രാവിനെ കിട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള കത്താണു പ്രാവിന്റെ കാലില്‍ കെട്ടിവച്ചിരുന്നത്. ഉറുദുവിലാണ് കത്ത്. ‘മോദി ജീ, 1971ലെ ആളുകളല്ല ഇന്നു ഞങ്ങള്‍. ഇന്ന് ഒരോ കുട്ടിയും ഇന്ത്യയോടു പൊരുതാന്‍ തയാറാണ്’ എന്ന സന്ദേശമാണ് ഉണ്ടായിരുന്നത്.ഇന്ത്യ-പാക്ക് ബന്ധം വഷളായതോടെ അതിര്‍ത്തികളില്‍ കനത്ത സുരക്ഷയാണ് ഇപ്പോള്‍. കൂടാതെ, പാക്ക് സൈന്യം തുടരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ പല മേഖലകളില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്.

NO COMMENTS

LEAVE A REPLY