ബാബരി മസ്ജിദ്: അദ്വാനി, ഉമാഭാരതി തുടങ്ങിയവര്‍ക്കെതിരായ കേസ് ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി

252

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബുധനാഴ്ച അവസാന ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസ് വീണ്ടും സജീവമാകുന്നു. എല്‍ കെ അദ്വാനി, ഉമാഭാരതി തുടങ്ങിയവര്‍ക്കെതിരെയുള്ള കേസ് സാങ്കേതികകാരണത്താല്‍ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്നും ഈ മാസം 22ന് അന്തിമ തീരുമാനം പറയുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ കര്‍സേവകര്‍ക്കെതിരെയുള്ള കേസ് ലക്‌നൗ കോടതിയിലും ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് എല്‍ കെ അദ്വാനി, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവക്കെതിരെയുള്ള കേസ് റായ്ബറേലി കോടതിയിലുമാണ് കേട്ടിരുന്നത്. ഇതില്‍ ഗൂഢാലോചനകേസ് നിലനില്‍ക്കില്ലെന്ന് റായ്ബറേലി കോടതി വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതി ശരിവച്ച ഈ തീരുമാനത്തിനെതിരെ അയോധ്യയിലെ ഹാജി മഹമൂദ് സുപ്രീം കോടതിയെ സമീപിച്ചു.

അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐയും പിന്നീട് അപ്പീല്‍ ഫയല്‍ ചെയ്തു. കേസ് നീണ്ടു പോകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയ ജസ്റ്റിസുമാരായ പിനാകി ചന്ദ്രഘോഷ്, റോഹിന്‍ടണ്‍ നരിമാന്‍ എന്നിവര്‍ ഈ മാസം ഇരുപത്തി രണ്ടിന് അന്തിമ തീരുമാനം എടുക്കുമെന്ന് സൂചന നല്കി. സാങ്കേതിക കാരണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഗൂഢാലോചന കേസ് ഒഴിവാക്കിയത് ശരിയായില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. ലക്‌നൗവിലെ കര്‍സേവകര്‍ക്കെതിരെയുള്ള കേസും ഗൂഢാലോചന കേസും ഒന്നിച്ചാക്കി വിചാരണ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും കോടതി പറഞ്ഞു. ഒന്നിച്ച് വിചാരണ വന്നാല്‍ റായ്ബറേലിയില്‍ എത്തിയ 183 സാക്ഷികളെ വീണ്ടും വിസ്തരിക്കണം എന്ന് അദ്വാനിയുടെ അഭിഭാഷകന്‍ വാദിച്ചു. ബിജെപി നേതാക്കള്‍ വിചാരണ നേരിടേണ്ട സാഹചര്യം ഉണ്ടാവുമെന്ന സാഹചര്യമാണ് ഇന്നത്തെ കോടതി നിലപാടോടെ ഉരുത്തിരിയുന്നത്. ഉത്തര്‍പ്രദേശിലെ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ഇത് ബിജെപിക്ക് കനത്ത തിരിച്ചടിയായി

NO COMMENTS

LEAVE A REPLY