മലമുകളിൽനിന്ന് കാൽ തെന്നി വീണ് മലയിടുക്കിൽ കുടുങ്ങിയ യുവാവ് പിന്നിട്ടത് 24 മണിക്കൂർ ; രക്ഷപ്പെടുത്താൻ സേനയുടെ സഹായം തേടി ; മുഖ്യമന്ത്രി

80

പാലക്കാട് : മലമുകളിൽനിന്ന് കാൽ തെന്നി വീണ് മലയിടുക്കിൽ കുടുങ്ങി 24 മണിക്കൂർ പിന്നിട്ട യുവാവിനെ രക്ഷപ്പെടുത്താൻ കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ.മലമ്പുഴ ചെറാട് സ്വദേശി ബാബുവാണ് മലയിടുക്കിൽ കുടുങ്ങിയത്.

ബെംഗളൂരുവിൽ നിന്നുള്ള സൈനികരുടെ സഹായമാണ് അഭ്യർഥിച്ചത്. അഭ്യർഥന മാനിച്ച് സൈനിക ഹെലികോപ്ടറും സൈനിക പർവതാരോഹരും സ്ഥലത്തെത്തും. ഒപ്പം രക്ഷപ്രവർത്തനത്തിനായി കരസേനയുടെ ഒരു യൂണിറ്റ് വെല്ലിങ്ടണിൽ നിന്നും പുറപ്പെടും.
ബാംഗ്ലൂരിൽ നിന്ന് പാരാ റെജിമെന്റൽ സെന്ററിൽ നിന്നുള്ള കമാണ്ടോകൾ ഉടൻ പുറപ്പെടും. അവരെ വ്യോമസേനയുടെ AN 32 വിമാനത്തിൽ സുലൂരിൽ എത്തിക്കും. അവിടെ നിന്ന് റോഡ് മാർഗം മലമ്പുഴയിലെത്തും. കരസേനയുടെ മദ്രാസ് റെജിമെന്റിൽ നിന്നുള്ള 7 പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിംഗ്ടണിൽ നിന്ന് വൈകിട്ട് 7 30ന് മലമ്പുഴയിലേക്ക് പുറപ്പെടും. ഇന്ന് രാത്രിയോടെ യുവാവിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ നാളെ പകൽ വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും.

മലയിൽ കുടുങ്ങി 24 മണിക്കൂർ പിന്നിട്ടതിനാൽ ബാബുവിന്റെ ആരോഗ്യനിലയെക്കുറിച്ചും ആശങ്കയുണ്ട്. രാത്രിയിലെ കടുത്ത തണുപ്പും പകൽനേരത്തെ ചുട്ടുപൊള്ളുന്ന ചൂടിനേയും അതിജീവിക്കേണ്ടതുണ്ട്. ഇന്നുച്ചയ്ക്ക് ഹെലികോപ്ടർ സഹായത്തോടെ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഫലവത്തായില്ല. ഉച്ചവരെ മലയുടെ ഒരു ഭാഗത്ത് നിന്നുള്ള ആളുകൾക്ക് ബാബുവിനെ കാണാൻ സാധിക്കുന്നുണ്ടായിരുന്നു.

വസ്ത്രം വീശിക്കാണിച്ച് ബാബു ആളുകൾക്ക് സിഗ്നൽ കൊടുത്തിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ബൈനോക്കുലർ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ടെങ്കിലും കാഴ്ച വ്യക്തമല്ല. മണിക്കൂറുകൾ പിന്നിട്ടതിനാൽ ബാബു അവശതയിലാ ണെന്നാണ് കരുതുന്നത്. എവറസ്റ്റ് കൊടുമുടി കീഴടക്കിയവർ ഉൾപ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്തേക്ക് തിരിക്കുന്നത്. കരസേനയുടെ ദക്ഷിൺ ഭാരത് GIS അരുണിന്റെ നേത്രത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. മുഖ്യമന്ത്രി സ്ബുക്കിലൂടെ അറിയിച്ചു.

തിങ്കളാഴ്ച ബാബുവും മറ്റ് രണ്ട് കുട്ടികളുമായി ചേർന്നാണ് സാഹസിക വിനേദസഞ്ചാര മേഖലയായ മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്. എന്നാൽ കുട്ടികൾ രണ്ടുപേരും പകുതിയെത്തിയപ്പോൾ തിരികെപോയി. ബാബു മലമുകളിലേയ്ക്ക് പോയി.

മലയുടെ മുകളിൽനിന്ന് കാൽ തെന്നിവീണ ബാബു പാറക്കെട്ടിനിടയിൽ കുടുങ്ങുകയായിരുന്നു. താഴെയുള്ളവരെ ബാബു ഫോണിൽ വിവരമറിയിച്ചു. ചിലർ മലമുകളിലെത്തി ബാബുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന നേരം ഇരുട്ടിത്തുടങ്ങി യതോടെ അവർ തിരിച്ചുപോന്നു. അപ്പോൾ ബാബു തന്നെ അപകടത്തിൽപ്പെട്ട വിവരം തന്റെ ഫോണിൽനിന്ന് അഗ്നിരക്ഷാസേനയെ വിളിച്ചറിയിക്കുകയായിരുന്നു.

NO COMMENTS