തിരുവനന്തപുരം: അന്തരിച്ച എഴുത്തുകാരനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡോ.ഡി.ബാബുപോളിന്റെ സംസ്കാരം ഞായറാഴ്ച നടക്കും. വൈകിട്ട് നാലിന് എറണാകുളം കുറുപ്പുംപടിയിലെ സെന്റ്മേരീസ് കത്തീഡ്രലിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ മൃതദേഹം തിരുവനന്തപുരം കവടിയാറിലുള്ള വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
എഴുത്തുകാരന്, പ്രഭാഷകന്‍ എന്നി നിലകളിലും ബാബു പോള്‍ ശ്രദ്ധ നേടിയിരുന്നു. ഇടുക്കി ജില്ല നിലവില്‍ വന്ന 1972 മുതല്‍ 75 വരെ ഇടുക്കി ജില്ലാ കളക്ടറായിരുന്നു അദ്ദേഹം. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓര്‍ഡിനേറ്ററായും ബാബു പോള്‍ സേവനമനുഷ്ഠിച്ചിരുന്നു. സര്‍വീസിലുണ്ടായിരുന്ന കാലത്ത് ഏറെ നാള് ധനകാര്യ സെക്രട്ടറി പദവി വഹിച്ചിരുന്ന ആളാണ് ബാബു പോള്‍.
കൊച്ചിന് പോര്‍ട്ട് ചെയര്മാന്, ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയ പദവികളിലും ബാബു പോളിന്റെ കൈമുദ്ര പതിഞ്ഞിട്ടുണ്ട്. ഭരണതലത്തില്‍ ഏറെ മികവുള്ള ബാബുപോള്‍ അനവധി പുസ്തകങ്ങളുടെ രചയിതാവാണ്.
1941ല്‍ എറണാകുളത്തെ കുറുപ്പംപടിയില്‍ ജനനിച്ച ബാബു പോള്‍ എംജിഎം ഹൈസ്കൂളില്‍ നിന്നു പ്രാഥമികവിദ്യാഭ്യാസം നേടി. ആലുവ യുസി കോളജ്, തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജ്, മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്ന് ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കി. 1964ല്‍ ഐഎഎസില്‍ പ്രവേശിച്ചു.
ബാബു പോളിന്റെ വേദശബ്ദരത്നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിരുന്നു. 19-ാം വയസിലാണ് അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ “ഒരു യാത്രയുടെ ഓര്‍മകള്‍’ പുറത്തിറങ്ങിയത്.കഥ ഇതുവരെ, രേഖായനം: നിയമസഭാഫലിതങ്ങള്‍, സംഭവാമി യുഗേ യുഗേ, ഓര്‍മ്മകള്‍ക്ക് ശീര്‍ഷകമില്ല, പട്ടം മുതല്‍ ഉമ്മന്‍ചാണ്ടി വരെ, നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിലുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്നു ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു.