കൊച്ചി/തൊടുപുഴ • മുന്‍ മന്ത്രി കെ.ബാബുവിന്‍റെ ബിനാമി എന്നു വിജിലന്‍സ് ആരോപിക്കുന്ന ബാബുറാമിനു മരടിലും തൃപ്പൂണിത്തുറയിലുമായി 15 കോടി രൂപയോളം വിലമതിക്കുന്ന ആറേക്കര്‍ ഭൂമിയുണ്ടെന്ന് അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ അറിയിച്ചു. മരടില്‍ മാത്രം കോടികള്‍ വിലമതിക്കുന്ന രണ്ടേക്കറോളം ഭൂമിയുണ്ടെന്നാണു വിജിലന്‍സ് രേഖകള്‍. 22 ഭൂമി ഇടപാടുകളാണു മരടില്‍ മാത്രമുള്ളത്. ഇതുകൂടാതെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഫ്ലാറ്റും ഉണ്ട്.തൃപ്പൂണിത്തുറയില്‍ 14 ഇടങ്ങളിലും ഭരണിക്കാവില്‍ ഒന്നും കരിയിലകുളങ്ങരയില്‍ രണ്ടിടങ്ങളിലുമായി 425 സെന്റ് ഭൂമിയുമുണ്ട്. മരടില്‍ മൂന്നര കോടി വിലമതിക്കുന്ന ഭൂമിയാണ് ഏറ്റവും വിലകൂടിയ സ്വത്ത്.
കെ.ബാബു മന്ത്രിയായിരിക്കെ 27 ഭൂമിയിടപാടുകളാണു ബാബുറാം നടത്തിയതെന്നും വിജിലന്‍സ് കോടതിയില്‍ ചൂണ്ടിക്കാട്ടി. ആകെ 41 ഭൂമിയിടപാടുകളുടെ രേഖയാണു വിജിലന്‍സ് സംഘം ബാബുറാമിന്റേതായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതിലൊരെണ്ണം ബാബുറാമിന്റെ ഭാര്യയുടെ പേരിലാണ്, ബാക്കിയെല്ലാം ബാബുറാമിന്റെ പേരിലും. അന്വേഷണത്തിന്റെ ഭാഗമായി രണ്ടു ബാങ്ക് ലോക്കറുകള്‍ കൂടി വിജിലന്‍സ് പരിശോധിച്ചു.
കെ.ബാബുവിന്റെ മൂത്ത മകളുടെയും ഭര്‍ത്താവിന്റെയും പേരില്‍ തൊടുപുഴയിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലുള്ള ലോക്കറില്‍ 39 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. സ്വര്‍ണാഭരണങ്ങള്‍ പരിശോധനയ്ക്കു ശേഷം ലോക്കറില്‍ തന്നെ വച്ചു സീല്‍ ചെയ്തു. മൂത്ത മകളുടെ ഭര്‍തൃപിതാവിന്റെ പേരിലുള്ള ലോക്കര്‍ പരിശോധിച്ചെങ്കിലും കാലിയായിരുന്നു. ഡിവൈഎസ്പി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രാവിലെ 11നു തുടങ്ങിയ പരിശോധന വൈകിട്ട് നാലു വരെ നീണ്ടു.
കെ.ബാബുവിന്റെ പേരില്‍ തൃപ്പൂണിത്തുറയിലെ ബാങ്കിലുള്ള ലോക്കറും ഇളയ മകളുടെ പേരില്‍ വെണ്ണലയിലെ ബാങ്കിലുള്ള ലോക്കറും ഇന്നു പരിശോധിച്ചേക്കും. ബാബുവിന്റെയും മക്കളുടെയും വീടുകളിലും ബെനാമികള്‍ എന്നു സംശയിക്കപ്പെടുന്നവരുടെ വീടുകളിലും നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത 246 രേഖകള്‍ ഇന്നലെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. ബാബുവിന്റെ വീട്ടില്‍ നിന്നു ലഭിച്ച 1.80 ലക്ഷം രൂപ, ഇളയ മകളുടെ വീട്ടില്‍നിന്നു ലഭിച്ച 18 പവന്‍ സ്വര്‍ണം, ബാബുവിന്റെ ബെനാമി എന്നു സംശയിക്കപ്പെടുന്ന മോഹനന്റെ വീട്ടില്‍നിന്നു ലഭിച്ച 6.67 ലക്ഷം രൂപ തുടങ്ങിയവ ട്രഷറിയിലേക്കു മാറ്റി.
ആദ്യ ദിവസത്തെ വിജിലന്‍സ് പരിശോധനയില്‍ ലഭിച്ച രേഖകളും മറ്റുമാണ് ഇന്നലെ വീണ്ടും മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ ലഭിച്ച രേഖകള്‍ ഇന്നു ഹാജരാക്കും.