തിരുവനന്തപുരം : പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ തൃപ്തികരമായ നടപടികളാണ് കൈക്കൊള്ളുന്നതെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ ചെയർമാൻ ഡോ. ബൻവാരിലാൽ സാഹ്നി പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പിന്നാക്കവിഭാഗക്ഷേമ പദ്ധതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കേരളം സന്ദർശിച്ചശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നാക്കവിഭാഗങ്ങളുടെ സംവരണത്തിന്റെ കാര്യത്തിലും കേരളത്തിൽ മികച്ച നടപടികളാണ് കൈക്കൊള്ളുന്നത്. ക്രീമിലെയർ പരിധി ഉയർത്തുന്നതു സംബന്ധിച്ച് നിരവധി നിവേദനങ്ങൾ ലഭിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ ഉൾക്കൊള്ളിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. സംസ്ഥാനങ്ങളിലെ പിന്നാക്ക വിഭാഗ കമ്മിഷനുകൾക്കും ജുഡീഷ്യൽ അധികാരങ്ങൾ നൽകുന്നത് പിന്നാക്കക്ഷേമ നടപടികൾക്ക് കൂടുതൽ സഹായമാകുമെന്നും ഇക്കാര്യം ശുപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പിന്നാക്കക്ഷേമ നടപടികൾ അദ്ദേഹം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു വിലയിരുത്തി. ആന്ധ്രാ പ്രദേശ്, തെലങ്കാന, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങൾ സന്ദർശിച്ചശേഷമാണ് കേരളത്തിലെത്തിയത്. കമ്മിഷൻ അംഗം ആചാര്യ തല്ലോജു, സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, അംഗം ഡോ. എ.വി. ജോർജ്, സ്‌പെഷ്യൽ സെക്രട്ടറി അസ്ഗർ അലി പാഷ, സംസ്ഥാന പിന്നാക്കവിഭാഗ ക്ഷേമ കോർപറേഷൻ എം.ഡി ബാലഭാസ്‌കർ, മറ്റ് മുതിർന്ന ഉദ്യോസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.