ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ശ്രീകാന്തിന്

251

ജക്കാര്‍ത്ത: ഇന്ത്യയുടെ കെ.ശ്രീകാന്ത് ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍ സീരീസ് പ്രീമിയര്‍ ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി. പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്റെ സക്കായി കസുമാസയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് തോല്‍പിച്ചത്. സ്‌കോര്‍: 21-11, 21-19. ഏകപക്ഷീയമായ മത്സരം 37 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. മലയാളി താരം എച്ച്.എസ്. പ്രണോയെ സെമിയില്‍ തോല്‍പിച്ചാണ് നാല്‍പ്പിയേഴാം റാങ്കുകാരനായ സക്കായി ഫൈനലിലെത്തിയത്.
ശ്രീകാന്തിന്റെ കരിയറിലെ രണ്ടാമത്തെ സൂപ്പര്‍സീരീസ് പ്രീമിയര്‍ കിരീടമാണിത്. 2014ല്‍ അന്നത്തെ ലോകചാമ്പ്യന്‍ ലിന്‍ ഡാനെ അട്ടിമറിച്ച് നേടിയ ചൈന ഓപ്പണാണ് ശ്രീകാന്തിന്റെ ആദ്യ സൂപ്പര്‍സീരീസ് പ്രീമിയര്‍ കിരീടം. ശ്രീകാന്തിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ അന്താരാഷ്ട്ര കിരീടമാണിത്. ഇന്ത്യയുടെ തന്നെ സായി പ്രണീതിനെ തോല്‍പിച്ച് ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനക്കാരനായ ശ്രീകാന്ത് സിംഗപ്പൂര്‍ ഓപ്പണില്‍ ജേതാവായിരുന്നു. സൂപ്പര്‍ സീരീസ് പ്രീമിയര്‍ കിരീടം നേടിയിട്ടുള്ള ഏക ഇന്ത്യന്‍ പുരുഷതാരമാണ് ഇരുപത്തിനാലുകാരനായ ശ്രീകാന്ത്.ഹൈദരാബാദ് സ്വദേശിയായ ശ്രീകാന്ത് ഗോപിചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.നേരത്തെ ഗ്രാന്‍പ്രീ ഗോള്‍ഡ് ടൂര്‍ണമെന്റുകളായ തായ്‌ലന്‍ഡ് ഓപ്പണ്‍, സ്വിസ് ഓപ്പണ്‍, സയ്യിദ് മോഡി ഇന്റര്‍നാഷണല്‍, സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റായ ഇന്ത്യ ഓപ്പണ്‍, ഇന്റര്‍നാഷണല്‍ ചാലഞ്ച് ടര്‍ണമെന്റായ മാലദ്വീപ് ഇന്റര്‍നാഷണല്‍ ചാലഞ്ച് എന്നിവയിലും കിരീടം നേടിയിട്ടുണ്ട്‌

NO COMMENTS