ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെയും മകന്‍ ഇസ്മയില്‍ നബിയുടെ സമര്‍പ്പണത്തിന്റെയും ധന്യസ്മൃതികളുണര്‍ത്തി ഇന്നു ഇസ്ലാം മതവിശ്വാസികള്‍ ബലിപ്പെരുന്നാള്‍ ആഘോഷിക്കും. വലിയവനായ ഇബ്രാഹിം നബി അല്ലാഹുവിന്റെ ഇച്ഛാനുസരണമാണു സ്വജീവിതം ചിട്ടപ്പെടുത്തിയത്. അദ്ധേഹത്തിന്റെ ജീവിതത്തിലെ പ്രതിസന്ധികളില്‍ അല്ലാഹു പലതരത്തില്‍ ഇബ്രാഹിമിനെ പരീക്ഷിച്ചു. കാത്തിരുന്നു കിട്ടിയ മകനെ ബലിനല്‍കാന്‍ ദൈവദൂതന്‍ ആവശ്യപ്പെട്ടപ്പോഴും ഇബ്രാഹിം മടിച്ചില്ല. മകനു പകരം മൃഗബലി മതിയെന്ന് പിന്നീട് അല്ലാഹു അറിയിച്ചു. ഈ പ്രവാചകന്റെ ഈ ത്യാഗസ്മരണയിലാണ് ഇസ്ലാം മതവിശ്വാസികള്‍ ബലിപ്പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ ഇസ്ലാം മത വിശ്വാസികള്‍ മൃഗങ്ങളെ ബലിയറുത്ത് മാംസം ദാനം ചെയ്യും. ഇബ്രാഹിം നബി നടത്തിയ ആഹ്വാനമനുസരിച്ചാണു വിശ്വാസികള്‍ ഹജ്ജിനായി മക്കയിലെത്തുന്നത്. ഇന്നു രാവിലെ ഈദ്ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്ക്കാരം നടക്കും. നമസ്ക്കാരത്തിനുശേഷം സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിച്ചു സ്നേഹം പങ്കിടും. പെരുന്നാള്‍ ദിനത്തില്‍ പുതുവസ്ത്രം ധരിക്കുന്നതും ബന്ധുക്കളുടെ കബറിടം സന്ദര്‍ശിക്കുന്നതും പുണ്യമായി കരുതപ്പോരുന്നു.
പാപമോചനത്തിനും ലോകനന്മയ്ക്കുമായി പ്രാര്‍ഥനാ മന്ത്രങ്ങളുമായി മക്കയിലെ ഹജജ് തീര്‍ഥാടന വേദികളില്‍ സംഗമിക്കുന്നതോടെ ഹജജ് കര്‍മത്തിനു പരിസമാപ്തിയാകും.