കോഴിക്കോട്: പ്രളയദുരിതത്തിന്റെ നടുക്കടലിലായ കേരളം സഹജീവി സ്‌നേഹത്തിന്റെയും ത്യാഗസമര്‍പ്പണത്തിന്റെയും സന്ദേശവുമായി ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കും. ആത്മത്യാഗത്തിന്റെ അഗ്നിയില്‍ ചാലിച്ചെടുത്ത വിശ്വാസത്തിന്റെ ആഘോഷാവിഷ്‌കാരം. നൂറ്റാണ്ടിലെ പ്രളയദുരിതം വന്നുപെട്ടതിന്റെ വ്യഥകള്‍ ഉള്ളില്‍ പേറുമ്പോഴും ഹസ്രത്ത് ഇബ്‌റാഹീമിന്റെ ആദര്‍ശദൃഢത സ്ഫുരിക്കുന്ന ത്യാഗസമര്‍പ്പണത്തിന്റെ സന്ദേശമാണ് വിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്നത്.
സ്രഷ്ടാവിന്റെ മഹത്വം വാഴ്ത്തി ഇന്നലെ സന്ധ്യ മുതല്‍ തന്നെ തക്ബീര്‍ ധ്വനികളാല്‍ അന്തരീക്ഷം ഭക്തിസാന്ദ്രമായി. അത്തറിന്റെ പരിമളവുമായി പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് രാവിലെയോടെ വിശ്വാസികള്‍ പള്ളികളില്‍ ഒത്തുചേരും. ആശംസകള്‍ കൈമാറിയും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയും മതനിഷ്ഠയോടെ സന്തോഷം പങ്കുവെക്കും.