ജനീവ• ബലൂചിസ്ഥാനില്‍ നടക്കുന്ന പാക്ക് അതിക്രമങ്ങള്‍ക്കെതിരെ രാജ്യാന്തര സമൂഹം ഉണരുന്നു. പാക്ക് സൈന്യം കൊന്നുതള്ളിയ ബലൂചിസ്ഥാനികള്‍ക്കു സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ആസ്ഥാനത്തിനു മുന്നില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മെഴുകുതിരി നാളങ്ങളേന്തി നടത്തിയ പ്രകടനത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് റിസാര്‍ദ് സാര്‍നെക്കി പങ്കെടുത്തു.ബലൂച് പോരാട്ടങ്ങളുടെ നേതൃസ്ഥാനത്തുള്ള ബ്രാഹംദഗ് ബുഗ്തിയും മെഹ്റാന്‍ മാരിയും പ്രകടനത്തിന്റെ ഭാഗമായി. ബലൂചിസ്ഥാന്‍ പ്രശ്നം പാക്കിസ്ഥാന്റെ ആഭ്യന്തരകാര്യമല്ലെന്നും ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ മൗനംപാലിച്ചാല്‍ അത് അപമാനകരമായിരിക്കുമെന്നും റിസാര്‍ദ് പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു.കാനഡ ആസ്ഥാനമായുള്ള ബലൂച് ഹൗസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തരീക് ഫത്തേയും പ്രകടനത്തില്‍ പങ്കാളിയായിരുന്നു.
ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്‍ സേന നടത്തുന്ന ക്രൂരതകളെക്കുറിച്ചു സംസാരിച്ച ഫത്തേ അവിടേക്കു മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാന്‍ പാക്കിസ്ഥാനു മേല്‍ രാജ്യാന്തരസമൂഹം സമ്മര്‍ദംചെലുത്തണമെന്ന് ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ അവലംബിച്ചിരിക്കുന്ന ‘കൊന്നുതള്ളല്‍ നയം’ അവസാനിപ്പിച്ചു ബലൂചിസ്ഥാനില്‍നിന്നു സേനയെ പിന്‍വലിക്കണമെന്നു യുഎന്നിലെ ബലൂച് പ്രതിനിധി മെഹ്റാന്‍ മാരി ആവശ്യമുന്നയിച്ചു.
പാക്കിസ്ഥാന്‍ തങ്ങളുടെ നാട്ടില്‍ നടത്തുന്ന അതിക്രമങ്ങള്‍ രാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നു ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധ്യക്ഷനായ ബ്രാഹംദഗ് ബുഗ്തി പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവന്നതോടെയാണു ലോകത്തിന്റെ ശ്രദ്ധ അവിടേക്ക് എത്തിയത്. ഇന്ത്യയുടെ പിന്തുണ തുടര്‍ന്നും തങ്ങള്‍ക്കുണ്ടാകുമെന്ന പ്രത്യാശയും ബുഗ്തി പങ്കുവച്ചു.