ചെന്നൈ • കാവേരി വിഷയത്തില്‍ പ്രതിഷേധിച്ചു തമിഴ്നാട്ടില്‍ നാളെ ബന്ദ്. വ്യാപാരികള്‍ ആഹ്വാനം ചെയ്ത ബന്ദിന് ഡിഎംകെ അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ്. സ്വകാര്യ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷനുകള്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സംയുക്ത കര്‍ഷക സംഘം, അടക്കം വിവിധ കര്‍ഷക സംഘടനകള്‍ ബന്ദില്‍ പങ്കെടുക്കും. കോണ്‍ഗ്രസ്, പിഎംകെ, ടിഎംസി,ബിജെപി, സിപിഐ, സിപിഎം തുടങ്ങിയ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണകക്ഷിയായ അണ്ണാ ഡിഎംകെ നിലപാട് വ്യക്തമാക്കിയിട്ടില്ല.സംസ്ഥാനത്ത് ഉടനീളം ട്രെയിന്‍ തടയല്‍ സമരം നടത്തുമെന്നു വിസികെ അറിയിച്ചു.ഇന്ത്യന്‍ ഒായില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം കമ്ബനികള്‍ നേരിട്ടു നടത്തുന്ന ഒൗട്ട്ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നു അധികൃതര്‍ അറിയിച്ചു. എന്നാല്‍ മറ്റു പെട്രോള്‍ ബങ്കുകള്‍ തുറക്കില്ലെന്നു ഡീലേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. നാം തമിഴര്‍ കക്ഷി നേതൃത്വത്തില്‍ ചെന്നൈയില്‍ നടത്തിയ പ്രകടത്തിനിടെ യുവാവ് സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു.