പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണം: ബംഗ്ലദേശ്

195

ന്യൂഡല്‍ഹി • പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ബംഗ്ലദേശും രംഗത്ത്. ലോകരാഷ്ട്രങ്ങളിലേക്ക് ഭീകരവാദം കയറ്റി അയയ്ക്കുന്നത് പാക്കിസ്ഥാനാണ്. അതുകൊണ്ട് പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യയിലെ ബംഗ്ലദേശ് ഹൈക്കമ്മിഷണര്‍ സയിദ് മുയാസെം അലി പറഞ്ഞു. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അലി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.പാക്കിസ്ഥാന്‍ ഭീകരരാഷ്ട്രമാണെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ചാണ് ബംഗ്ലദേശ് നീക്കം. സാര്‍ക് സമ്മേളനത്തിന്റെ ചരിത്രത്തിലാദ്യമായാണ് എട്ടംഗ രാജ്യങ്ങളിലെ നാലുപേരും ഇസ്‍ലാമാബാദില്‍ നടക്കുന്ന സമ്മേളനത്തില്‍നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.ഇതു പാക്കിസ്ഥാനുള്ള ശക്തമായി താക്കീതാണെന്നും ബംഗ്ലദേശ് ഹൈക്കമ്മിഷണര്‍ പറഞ്ഞു.ബംഗ്ലദേശിലെ ഭീകരസംഘടനകള്‍ക്കു നല്‍കുന്ന പിന്തുണ പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നതും നിര്‍ത്തണം. വേണ്ടിവന്നാല്‍ ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്നു പാക്ക് പ്രതിരോധ മന്ത്രി ഖൗജ ആസിഫ് പരസ്യമായി പ്രഖ്യാപിക്കുമ്ബോള്‍ സാര്‍ക് പോലൊരു സമ്മേളനം അവിടെ എങ്ങനെ സംഘടിപ്പിക്കാനാകും. സാര്‍ക് സമ്മേളനം നടത്താന്‍ അനുയോജ്യമായ സ്ഥലം പാക്കിസ്ഥാനല്ലെന്നു വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകളെന്നും സയിദ് പറഞ്ഞു.ഇന്ത്യയ്ക്കു പിന്നാലെ സാര്‍ക് സമ്മേളനത്തില്‍നിന്നു വിട്ടുനില്‍ക്കുമെന്നു മൂന്നു ദക്ഷിണേഷ്യന്‍ രാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളാണ് ഇസ്‍ലാമാബാദില്‍ നടക്കാനിരിക്കുന്ന സമ്മേളനത്തില്‍നിന്നു വിട്ടുനില്‍ക്കുമെന്ന് അറിയിച്ചത്. ഇതിനുപിന്നാലെ നവംബറില്‍ ഇസ്ലാമാബാദില്‍ നടക്കാനിരുന്ന സമ്മേളനം റദ്ദാക്കി.ഉറി വിഷയത്തില്‍ ലോകരാജ്യങ്ങളെല്ലാം ഇന്ത്യയ്ക്കൊപ്പമാണ് നിലകൊണ്ടത്. യുഎന്നില്‍ പാക്കിസ്ഥാന് ആരുടെയും പിന്തുണ ലഭിച്ചില്ല. ഇക്കാര്യം മനസ്സിലാക്കി പാക്കിസ്ഥാന്‍ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY