ബംഗ്ലാദേശില്‍ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 134 ആയി

234

ചിറ്റഗോംഗ്: കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും തെക്കുകിഴക്കന്‍ ബംഗ്ലാദേശില്‍ മരിച്ചവരുടെ എണ്ണം 134 ആയി. നിരവധി വീടുകള്‍ മണ്ണിനടിയിലായി. ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന കുന്നിന്‍പ്രദേശത്തെ ഗ്രാമങ്ങളിലാണു മഴ ദുരന്തമായി പെയ്തിറങ്ങത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഏതാനും സൈനികര്‍ക്കും ജീവഹാനി നേരിട്ടു. നൂറിലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതേവരെ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗതാഗത- ടെലിഫോണ്‍ ബന്ധങ്ങള്‍ വിശ്ചേദിക്കപ്പെട്ടിരിക്കുകയാണ്. ചിറ്റഗോംഗ്, രംഗമതി, ബന്ദര്‍ബന്‍ ജില്ലകളിലാണ് ഏറെ നാശമുണ്ടായത്. ഇന്ത്യന്‍ അതിര്‍ത്തിയിലുള്ള രംഗാമാതി ജില്ലയിലെ ആദിവാസി സമൂഹങ്ങളെയാണ് മഴക്കെടുതി സാരമായി ബാധിച്ചിരിക്കുന്നത്. രംഗമതി ജില്ലയില്‍ മാത്രം 76 പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ നാലു സൈനികര്‍ കൊല്ലപ്പെട്ടു. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആര്‍മി മേജറും ക്യാപ്റ്റനും മരിച്ചവരിലുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പിന്നീടേ അപകടത്തിന്റെ യഥാര്‍ഥചിത്രം പറയാനാകൂവെന്നും ദുരന്തനിവാരണ മന്ത്രാലയം അറിയിച്ചു.

NO COMMENTS