തിരുവനന്തപുരം : സംസ്ഥാനത്ത് പൂട്ടിയ ബാറുകളില്‍ 78 എണ്ണം ഞായറാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. ത്രീസ്റ്റാറിനും അതിനു മുകളിലുമുള്ള ഹോട്ടലുകള്‍ക്കു ബാര്‍ ലൈസന്‍സ് നല്‍കിയുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം ഇന്നു പ്രാബല്യത്തില്‍ വന്നെങ്കിലും ഒന്നാം തീയതി മദ്യശാലകള്‍ക്ക് അവധിയായതിനാല്‍ നാളെ മുതല്‍ മാത്രമാകും ബാറുകള്‍ തുറക്കുന്നത്. ജൂണ്‍ 26 മുതല്‍ ഇന്നലെവരെ ലൈസന്‍സ് പുതുക്കാനായി 81 അപേക്ഷകളാണ് ലഭിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ചത്. 24 ഫൈവ്സ്റ്റാര്‍ ബാറുകളാണു സംസ്ഥാനത്തു പ്രവര്‍ത്തിച്ചിരുന്നത്. ഇതിനു പുറമെ ആലപ്പുഴയില്‍ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിനുകൂടി കഴിഞ്ഞദിവസം ലൈസന്‍സായി. പത്തനംതിട്ട, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റ ബാറും തത്കാലം പ്രവര്‍ത്തിക്കില്ല. കള്ളുഷാപ്പുകളില്‍ 2112 എണ്ണത്തിനു പ്രവര്‍ത്തനാനുമതി നല്കി. പാലക്കാട്ടാണു കൂടുതല്‍ കള്ളുഷാപ്പുകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കിയത്- 468 എണ്ണം. സംസ്ഥാനത്ത് കള്ള് ഷാപ്പുകളുടെ ലൈസന്‍സ് യാതൊരു പരിശോധനകളുമില്ലാതെയാണ് ഒന്പതുമാസത്തേക്കുകൂടി നീട്ടി നല്‍കിയത്.