സംസ്ഥാനപാതകള്‍ ഡീനോട്ടിഫൈ ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം ; ബാറുകള്‍ തുറക്കും

316

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറക്കാനുള്ള നീക്കത്തിന് മന്ത്രിസഭയുടെ അംഗീകാരം. സംസ്ഥാന പാതകള്‍ ഡീനോട്ടിഫൈ ചെയ്ത് ബാറുകള്‍ തുറക്കാനാണ് ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. സംസ്ഥാനത്തെ കോര്‍പ്പറേഷന്‍, നഗരസഭാ പരിധികളിലുള്ള സംസ്ഥാന പാതകള്‍ ഡീനോട്ടിഫൈ ചെയ്ത് പുനര്‍ വിജ്ഞാപനമിറക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സംസ്ഥാന പാതകള്‍ ഡീനോട്ടിഫൈ ചെയ്യുന്നതോടെ 420ഓളം ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കും.ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാനാണ് സംസ്ഥാന പാതകള്‍ ഡീനോട്ടിഫൈ ചെയ്യുന്നത്. ബാറുകള്‍ തുറക്കാനായി പാതകള്‍ ഡീനോട്ടിഫൈ ചെയ്യുന്നതിനെ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നേരത്തെ എതിര്‍ത്തിരുന്നുവെങ്കിലും ബുധനാഴ്ചത്തെ യോഗത്തില്‍ അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. പൂട്ടികിടക്കുന്ന മദ്യശാലകള്‍ തുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന ബാറുടമകളുടെ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ സംസ്ഥാന പാതകള്‍ ഡീനോട്ടിഫൈ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പഞ്ചായത്തുകളിലെ പാതകളെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. പാതകള്‍ ഡീനോട്ടിഫൈ ചെയ്താല്‍ ഇവയുടെ അറ്റക്കുറ്റപ്പണികളടക്കമുള്ള എല്ലാ ചിലവുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ടി വരും.

NO COMMENTS