കണ്ണൂര്‍: സിനിമയുടെ ഓഡിഷനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബാര്‍ ജീവനക്കാരന് അറസ്റ്റില്‍. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനു സമീപത്തെ ബാര്‍ ഹോട്ടല്‍ ജീവനക്കാരനായ ഇരിട്ടി ഉളിക്കല്‍ കെ.വി.രമേശനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കാക്ഷിയെന്ന തമിഴ് സിനിമയ്ക്കായി നായികാ നടിയെയും സഹനടികളെയും ആവശ്യമുണ്ടെന്ന വാട്സ്ആപ്പ് പ്രചാരണം കണ്ടാണ് മലപ്പുറത്തും പന്തീരാങ്കാവിലുമുള്ള യുവതികളുള്‍പ്പെടെ ഇരുപത്തഞ്ചോളം പേര് എത്തിയത്. വെള്ളി മുതല്‍ മൂന്നു ദിവസത്തേക്കാണ് ഓഡിഷനായി ബാര്‍ ഹോട്ടലില്‍ മുറികള്‍ ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ യുവതികള്‍ക്കായി ഓഡിഷന് നടത്തുന്ന വിവരം പോലീസില്‍ അറിയിച്ചിരുന്നില്ല.
ഹോട്ടലില്‍ എത്തിയ യുവതിയെ സിനിമയുടെ ആര്‍ട്ട് ഡയറക്ടറാണെന്നും അവസരമൊരുക്കാമെന്നും പറഞ്ഞ് ലിഫ്റ്റിനു സമീപംവച്ച് രമേശന് കയറിപ്പിടിക്കുകയായിരുന്നു. തന്റെ ശരീരഭാഗങ്ങളില്‍ കയറിപ്പിടിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് രമേശനെ അറസ്റ്റ് ചെയ്തു.
ഹോട്ടലില്‍ പതിവായി ഓഡിഷന് നടക്കാറുണ്ടെന്നു ബാര്‍ ഹോട്ടലിന്റെ മാനേജരെ ചോദ്യം ചെയ്തപ്പോള്‍ സമ്മതിച്ചു. സിനിമയുടെ കേന്ദ്രബിന്ദുവായി പ്രവര്‍ത്തിക്കുന്ന വനിതയെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.