തിരുവനന്തപുരം: കെ.എം. മാണിക്കെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് എസ്.പി. സുകേശന് സമര്‍പ്പിച്ച ഹര്‍ജിയിലെ വിശദാംശങ്ങള്‍ പുറത്ത്. വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച രണ്ടു പേജുള്ള ഹര്‍ജിയാണ് പുറത്ത് വന്നിരിക്കുന്നത്.സുകേശന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു കെ.എം. മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടത്.ആദ്യ അന്വേഷണ സംഘത്തിന് ആവശ്യമായ സമയം ലഭിച്ചില്ലെന്നും തെളുവുകള്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ കഴിഞ്ഞില്ലെന്നും തെളിവുകള്‍ മറച്ചുവയ്ക്കാന്‍ സാക്ഷികളില്‍ പലരും ശ്രമിച്ചുവെന്നും പുതിയ തെളിവുകള്‍ വന്ന സാഹചര്യത്തില്‍ അന്വേഷണം ആവശ്യമാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
ഇത് പരിഗണിച്ചാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ബിജു രമേശ് നല്കിയ ശബ്ദരേഖയടക്കമുള്ള തെളിവുകളില്‍ ആവശ്യമായ ശാസ്ത്രീയ പരിശോധന നടത്താന്‍ സാധിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇതെല്ലാം പരിഗണിച്ച് നീതിയുക്തമായ തുടരന്വേഷണത്തിന് ഉത്തരവിടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അതേസമയം ഹര്‍ജിയില്‍ മുന്‍ വിജിലന്‍സ് മേധാവി ശങ്കര്‍ റെഡ്ഡിക്കെതിരെ പരാമര്‍ശമില്ല.
കേസ് അട്ടിമറിക്കാന്‍ ആ സമയം വിജിലന്‍സ് മേധാവിയായിരുന്ന ശങ്കര്‍ റെഡ്ഡി ശ്രമിച്ചുവെന്ന് ഹര്‍ജിയില്‍ പരാമര്‍ശമുള്ളതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഹര്‍ജിയോടൊപ്പം നല്കിയ സി.ഡിയില്‍ ഇദ്ദേഹത്തിനെതിരേ പരാമര്‍ശമുള്ളതായി വിജിലന്‍സ് സൂചന നല്‍കിയിട്ടുണ്ട്.