ദീര്‍ഘദൂര എയര്‍ മിസൈല്‍ ‘ബറാക്ക് 8’ ഇന്ത്യന്‍ നാവികസേന വിജയകരമായി പരീക്ഷിച്ചു

195

ബാലസോര്‍ (ഒഡീഷ) • ഇസ്രയേലുമായി ചേര്‍ന്നു വികസിപ്പിച്ച ദീര്‍ഘദൂര എയര്‍ മിസൈല്‍ ‘ബറാക്ക് 8’ ഇന്ത്യന്‍ നാവികസേന വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചണ്ഡിപൂരിലുള്ള പ്രതിരോധ ആസ്ഥാനത്തുനിന്നും രാവിലെ 10.13 നായിരുന്നു വിക്ഷേപണം. പരീക്ഷണം വിജയകരമായിരുന്നുവെന്നും അധികം വൈകാതെ തന്നെ കൂടുതല്‍ പരീക്ഷണം നടത്തുമെന്നും പ്രതിരോധ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഐഎന്‍എസ് കൊല്‍ക്കത്തയില്‍നിന്നും മിസൈല്‍ പരീക്ഷിച്ചിരുന്നു. അന്നും പരീക്ഷണം വിജയകരമായിരുന്നു.ഹീബ്രുവില്‍ ‘മിന്നല്‍’ എന്നര്‍ഥമുള്ള ബറാക്ക് എന്ന പേരുള്ള മിസൈലിന് കപ്പലുകള്‍ക്കു നേരെ വരുന്ന മിസൈലുകളെയും വിമാനങ്ങളെയും ഡ്രോണുകളെയും പ്രതിരോധിക്കാനാകും.
ലക്ഷ്യം നിര്‍ണയിക്കുകയും കണ്ടെത്തുകയും ഗതി നിയന്ത്രിക്കുകയും ചെയ്യുന്ന റഡാര്‍ സംവിധാനം കൂടി ചേര്‍ന്നതാണിത്. എംഎഫ് സ്റ്റാര്‍ (മള്‍ട്ടി ഫങ്ഷനല്‍ സര്‍വൈലന്‍സ് ആന്‍ഡ് ത്രെറ്റ് അലര്‍ട്ട് റഡാര്‍) എന്ന് വിളിക്കുന്ന ഈ സംവിധാനം വഴി 250 കിലോമീറ്റര്‍ വരെ ദൂരത്തുനിന്നു വരുന്ന നൂറുകണക്കിനു വ്യോമഭീഷണികളെ കണ്ടെത്താനും ഒരേസമയം ഒന്നിലേറെ ലക്ഷ്യങ്ങളെ ഉന്നംവയ്ക്കാനും കഴിയും.ഇന്ത്യന്‍ നാവിക സേനയും പ്രതിരോധ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഓര്‍ഗനൈസേഷനും (ഡിആര്‍ഡിഒ)യും ഇസ്രയേലിന്റെ എയ്റോ സ്പേസ് ഇന്‍ഡസ്ട്രീസും ചേര്‍ന്നാണ് ബറാക് എട്ട് രൂപ കല്‍പന ചെയ്തത്. ഭാരത് ഡയനാമിക്സ് ലിമിറ്റഡും റാഫേല്‍ അഡ്വാന്‍സ്ഡ് സിസ്റ്റവുമാണു നിര്‍മാണ മേല്‍നോട്ടം വഹിച്ചത്.

NO COMMENTS

LEAVE A REPLY