ബാഴ്സലോണ: വലന്‍സിയയുടെ രണ്ട് അടിയില്‍ പിന്നില്‍പോയ ബാഴ്സലോണ മെസിയുടെ ഡബിളില്‍ സമനില പിടിച്ചു. ബാഴ്സയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ എതിരാളികളെ വിറപ്പിച്ച ശേഷമാണ് വലന്‍സിയ സമനില വഴങ്ങിയത്. കളിയുടെ ആദ്യ പകുതിയിലാണ് വലന്‍സിയ ജമീറോ (24), ഡാനിയേല്‍ പരെസ് (32 പെനാല്‍റ്റി) എന്നിവരിലൂടെ മുന്നിലെത്തിയത്. തോല്‍വി മണത്ത ബാഴ്സ ആദ്യ പകുതിയില്‍ തന്നെ ഒരു ഗോള്‍ മടക്കി.
പെനാല്‍റ്റിയിലൂടെ മെസിയാണ് ഗോള്‍ മടക്കിയത്. ഒരു ഗോള്‍ കടവുമായി ഒന്നാം പകുതി അവസാനിപ്പിച്ച ബാഴ്സ രണ്ടാം പകുതിയുടെ 64 മിനിറ്റില്‍ മെസിയുടെ സൂപ്പര്‍ ഗോളില്‍ ഒപ്പമെത്തി. ബോക്സിനു വെളിയില്‍നിന്നും മൂന്നു പ്രതിരോധ നിരക്കാരുടെ ഇടയിലൂടെ മെസി പായിച്ച ബുള്ളറ്റ് ഷോട്ട് വലന്‍സിയ വല തുളയ്ക്കുകയായിരുന്നു. മത്സരത്തില്‍ നിരവധി ഗോള്‍ അവസരങ്ങള്‍ വലന്‍സിയ തുലച്ചില്ലായിരുന്നെങ്കില്‍ മെസിയും സംഘവും സ്വന്തം മൈതാനത്ത് തോല്‍വി ഏറ്റുവാങ്ങേണ്ടിവരുമായിരുന്നു.