ന്യൂഡല്‍ഹി: ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ)യ്ക്കു മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി നിയോഗിച്ച ലോധ സമിതി നിര്‍ദേശിച്ച ശിപാര്‍ശകള്‍ പാലിക്കുന്നത് വരെ സംസ്ഥാന അസോസിയേഷനുകള്‍ക്ക് പണം നല്‍കാനോ മറ്റ് കാര്യങ്ങള്‍ പണം ചെലവഴിക്കാനോ പാടില്ലെന്ന് കോടതി ഉത്തരവിട്ടു. ലോധ പാനല്‍ ശിപര്‍ശകള്‍ നടപ്പാക്കാന്‍ ബി.സി.സി.ഐയ്ക്ക് കോടതി ഡിസംബര്‍ 30 വരെ സമയവും അനുവദിച്ചു. സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഇനി ഫണ്ടിനായി ലോധ സമിതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.ബി.സി.സി.ഐയുടെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യാന്‍ സ്വതന്ത്രമായ ഒരു ഓഡിറ്ററെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ലോധ സമിതി ശിപാര്‍ശകള്‍ പാലിക്കുന്നത് വരെ ചില്ലിക്കാശ് പോലും സംസ്ഥാന അസോസിയേഷനുകള്‍ക്ക് നല്‍കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയ കോടതി ഇത് ശരിവച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാനും ബി.സി.സി.ഐയ്ക്ക് നിര്‍ദേശം നല്‍കി. ബി.സി.സി.ഐയുടെ ടെണ്ടറുകളും കരാറുകളും പരിമിതപ്പെടുത്തിയ കോടതി, അധ്യക്ഷന്‍ അനുരാഗ് താക്കൂറിനോട് ലോധ സമിതിക്കു മുന്പാകെ ഹാജരായി ശിപാര്‍ശകള്‍ അംഗീകരിക്കാനും നിര്‍ദേശിച്ചു. സമിതിയുടെ ശിപാര്‍ശയില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയില്ലെന്നും ഉത്തരവ് പാലിച്ചില്ലെങ്കില്‍ ബി.സി.സി.ഐ കര്‍ശന നടപടി നേരിടേരണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ലോധ പാനല്‍ ശിപാര്‍ശകള്‍ അംഗീകരിക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്നും ചില സംസ്ഥാന അസോസിയേഷനുകളാണ് എതിര്‍പ്പ് ഉന്നയിക്കുന്നതെന്നും ബി.സി.സി.ഐ അറിയിച്ചു. അതേസമയം, കോടതിയുടെ പുതിയ ഉത്തരവ് സംസ്ഥാന അസോസിയേഷനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് സൂചന. അസോസിയേഷനുകള്‍ക്ക് വന്‍ തുക ഓഗസ്റ്റില്‍ തന്നെ ബി.സി.സിഐ കൈമാറിയിരുന്നു. എന്നാല്‍ സാന്പത്തിക പ്രതിസന്ധി നേരിട്ടാല്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി ടൂര്‍ണമെന്‍റിനെ ബാധിച്ചേക്കുമെന്നും സൂചനയുണ്ട്.