ആലക്കോട് : വണ്ടിച്ചെക്ക് കേസില്‍ ബിഡിജെഎസ് ജില്ലാ പ്രസിഡന്റും എസ്‌എന്‍ഡിപി തളിപറമ്പ് താലൂക്ക് യൂണിയന്‍ സെക്രട്ടറിയുമായ തിമിരി ചുണ്ണാമുക്കിലെ വി പി ദാസന്‍ വാഴപ്പള്ളിയെ (55) മൂന്ന‌് മാസം തടവിനും ഒന്നര ലക്ഷം രൂപ പിഴയടയ‌്ക്കാനും തളിപറമ്പ് മജിസ്ട്രേട്ട‌് കോടതി ശിക്ഷിച്ചു. തേര്‍ത്തല്ലി സ്വദേശിയെ വഞ്ചിച്ച കേസിലാണ‌് ശിക്ഷിച്ചത‌്. പിഴ നല്‍കിയില്ലെങ്കില്‍ മൂന്നുമാസംകൂടി തടവ് അനുഭവിക്കണം.
2012ലാണ് കേസിന‌് ആസ‌്പദമായ സംഭവം. തേര്‍ത്തല്ലി സ്വദേശിയുടെ മകന് പോണ്ടിച്ചേരി മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് സീറ്റ് നല്‍കാമെന്ന് വാഗ‌്ദാനം നല്‍കി അഞ്ച് ലക്ഷം രൂപയാണ‌് വാങ്ങിയത‌്. മെഡിക്കല്‍ സീറ്റ് ലഭിച്ചില്ല. പണവും തിരിച്ചു നല്‍കിയില്ല.ജോലി വാഗ്ദാനം നല്‍കിയും ഉന്നത വിദ്യഭ്യാസത്തിന‌് സീറ്റ് വാഗ‌്ദാനം നല്‍കിയും വി പി ദാസന്‍ മലയോരത്ത‌് ഒട്ടേറെപ്പേരെ പറ്റിച്ചതായി ആരോപണമുയര്‍ന്നിരുന്നു. എസ്‌എന്‍ഡിപി പ്രവര്‍ത്തകരും വഞ്ചനക്കിരയായി.
ഇവര്‍ എസ‌്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കും പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന‌് ചിലര്‍ക്ക‌് പണം തിരിച്ചുനല്‍കി. കോണ്‍ഗ്രസ‌് നേതാവ് കെ സുധാകരന്റെ അടുത്ത ആളായിരുന്നു. നാല്പാടി വാസു വധക്കേസില്‍ ഉള്‍പ്പെടെ പ്രതിയായിയിരുന്നു.