പുതുതലമുറ സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

21

ഒരു തലമുറ പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ കൈത്തിരി അണയാതിരിക്കാന്‍ ജനാധിപത്യ-മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ടെന്നും പുതുതലമുറ സ്വാതന്ത്ര്യത്തിന്റെ കാവലാളവണമെന്നും തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.

കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അരാഷ്ട്രീയ ചിന്തകളെ മനസ്സില്‍ കൊണ്ടു നടക്കുന്ന പുതുതലമുറക്ക് ജനാധിപത്യത്തിന്റെ മഹത്വം പഠിപ്പിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന്റെ വഴിയില്‍ സ്വാര്‍ഥതക്കും പ്രതിലോമ വിചാരങ്ങള്‍ക്കും സ്ഥാനമില്ലെന്ന് ജനം തിരിച്ചറിയണം മാനവികതക്ക് എവിടെ ക്ഷതമേല്‍ക്കുന്നുവോ അവിടെ ജനാധിപത്യത്തിന്റെ മരണമണിയായിരിക്കും ആദ്യം മുഴുങ്ങുക എന്ന് മറക്കാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യം പൊരുതിനേടുക എന്നത് പോലെ തന്നെ പ്രധാനമാണ് അത് കാത്തുസൂക്ഷിക്കുക എന്നതും. പൗരസമത്വം ഭരണഘടനയുടെ അക്ഷരങ്ങളില്‍ ഒതുങ്ങാതെ ജീവന്‍ തുടിക്കുന്ന മഹത്തായ ആശയമായി കൊണ്ടുനടക്കുകയും പ്രയോഗവത്കരിക്കുകയും ചെയ്യേണ്ട ബാധ്യതയാണ് നാം ചുമലിലേറ്റുന്നത്. നാനാത്വത്തിലെ ഏകത്വം കേള്‍ക്കാന്‍ ഇമ്പമുള്ള രാഷ്ട്രീയ ആശയമായി ഒതുങ്ങാന്‍ അനുവദിച്ചു കൂടാ. വൈവിധ്യമാര്‍ന്ന സംസ്‌കൃതികളെ ഏകോപിപ്പിച്ച്, മതനിരപേക്ഷതയുടെ മൂശയില്‍ പോഷിപ്പിച്ചെടുക്കുമ്പോഴാണ് രാഷ്ട്രശില്‍പികളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടു
ന്നത്.

ജനാധിപത്യമൂല്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ ഉയരുന്ന ഓരോ വെല്ലുവിളിയും ഇന്ത്യയെന്ന മഹത്തായ ആശയത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഭീഷണിയായി കണ്ട് ചെറുത്തുതോല്‍പിക്കേണ്ടതുണ്ട്. സാമൂഹിക മാധ്യമരംഗത്ത് സമീപകാലത്ത് നേടിയെടുത്ത ആശയവിനിമ മുന്നേറ്റങ്ങള്‍ അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റ വഴിയില്‍ നമുക്ക് മുതല്‍ക്കൂട്ടാവണം. വിദ്വേഷവും വൈരവുംപരത്താനും മനുഷ്യര്‍ തമ്മില്‍ ഭിന്നിപ്പ് വളര്‍ത്താനുമുള്ള കുല്‍സിത ശ്രമങ്ങളെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്നത് മനുഷ്യരാശിയോട് ചെയ്യുന്ന പാതകമായിരിക്കും.

കേരളത്തിന് പെരുമയുള്ള ഒരു സംസ്‌കാരമുണ്ട്. പുരോഗമന വിപ്ലവാശയങ്ങളെ പുണരുമ്പോഴും തലമുറകളായി കൈമാറിവരുന്ന പരമ്പരാഗത മൂല്യവിചാരങ്ങളാണ് അതിന്റെ അടിത്തറ. ജാതീത ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശക്തമായ പൊരുതിയ മണ്ണാണിത്. അജ്ഞതയും അന്ധവിശ്വാസവും കൊടികുത്തിവാണ ഒരു കാലഘട്ടത്തോട് പോരാടിയാണ് നാം ആധുനികതയെ കണ്ടുമുട്ടുന്നതും വാരിപ്പുണര്‍ന്നതും. നാം വലിയൊരു നാഗരികതയുടെ ഭാഗമാണ്. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍ പൂത്തുലയുമ്പോഴാണ് നാഗരികസമൂഹം വളര്‍ന്നു പന്തലിച്ച് ഭൂമിയിലാകെ നറുമണം പരത്തുന്നതെന്നും മന്ത്രി പറഞ്ഞു.

രാജ്യം 75-ാം സ്വാതന്ത്ര്യദിനത്തിലൂടെ കടന്നുപോകുമ്പോള്‍ ദേശസ്‌നേഹ ഭരിതമായ നമ്മുടെ മനസ്സുകള്‍ അത്യാഹ്ലാദത്തിലാണ്. ഏഴര പതിറ്റാണ്ട് നീണ്ട ഒരു യാത്രയിലെ നിര്‍ണായകമായ നാഴികക്കല്ലാണിത്. ഒരു ജനതയുടെ സ്വപ്ന സാഫല്യമായിരുന്നു 1947 ആഗസ്റ്റ് 15ന് സാക്ഷാത്കരിക്കപ്പെട്ടത്. വിദേശ മേല്‍കോയ്മയില്‍ നിന്നുള്ള രാജ്യത്തിന്റെ മോചനമായിരുന്നു നമുക്ക് മുമ്പേ കടന്നുപോയ മഹാരഥന്മാരായ രാഷ്ട്രശില്‍പികളുടെ സ്വപ്നവും ലക്ഷ്യവും.

ലോകത്തിലെ ഏറ്റവും വലിയ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ ഇന്ന് വളര്‍ന്നിരിക്കുന്നു. അതിന്റെ യശസ്സ് വാനോളമുയര്‍ന്നിട്ടുണ്ട്. ഇന്ത്യയുടെ ശബ്ദം ലോകം കാതോര്‍ത്തുകേള്‍ക്കുന്നു. 135 കോടി ജനതയുടെ ആശയാഭിലാഷങ്ങളും സ്വപ്നങ്ങളുമാണ് നമ്മെ മുന്നോട്ട് നയിക്കുന്നതെന്നും മന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു.

NO COMMENTS