തൃശൂർ : ലോക മഞ്ഞപ്പിത്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാമവർമ്മപുരം ഫയർ ആൻഡ് സേഫ്റ്റി അക്കാദമിയിൽ ഇന്ന് (ജൂലൈ 26) ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ മഞ്ജുളാരുണൻ നിർവഹിക്കും. ഹെപ്പറ്റൈറ്റിസ് എ,ബി,സി,ഇ എന്നിവയെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനും അവയുടെ നിയന്ത്രണം ഉറപ്പ് വരുത്തുന്നതിനുമുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുമാണ് എല്ലാ വർഷവും ലോക മഞ്ഞപ്പിത്ത ദിനം ആചരിക്കുന്നത്.
കുളങ്ങളിൽ നിന്നുള്ള മലിന ജലത്തിലൂടെയും ആഘോഷങ്ങൾക്ക് നൽകുന്ന വെൽക്കം ഡ്രിങ്ക്, കടകളിൽ വിൽക്കുന്ന ശീതള പാനീയങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന കോമേഴ്സ്യൽ ഐസിലൂടെയും സെപ്റ്റിക് ടാങ്കുകളിലെ ചോർച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയുമാണ് രോഗം പ്രധാനമായും പടർന്നു പിടിക്കുന്നത്.
മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ് എ എന്ന വൈറൽ രോഗം വരാതിരിക്കുന്നതിനായി തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, വൃത്തിയുള്ള ഭക്ഷണം കഴിക്കുക, തുറന്ന പ്രദേശങ്ങളിൽ മലമൂത്ര വിസർജ്ജനം ചെയ്യരുത്, മല മൂത്ര വിസർജ്ജനത്തിനു ശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക, രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം. അസുഖ ബാധിതർ ധാരാളം വെള്ളം കുടിക്കുകയും കൊഴുപ്പില്ലാത്ത ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണം. ഒന്നര മാസം കൊണ്ട് അസുഖം പൂർണ്ണമായും ഭേദമാകും.
കരളിനെ ബാധിക്കുന്ന രോഗമായതിനാൽ ഇടക്കിടെ പരിശോധനകൾ നടത്തണം. മഞ്ഞപ്പിത്തത്തിനെതിരെ പ്രതിരോധ കുത്തിവെയ്പ്പ് ലഭ്യമാണ്.