കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയെ പ്രതിയാക്കിയുളള ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ജോസി ചെറിയാന്‍ തയാറാക്കിയ അന്തിമ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിക്കുക.ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ആയുധം ഉപയോഗിച്ച് ഭീതി സൃഷ്ടിക്കല്‍, അതിക്രമിച്ചു കടക്കല്‍, പണം അപഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പൂജാരിക്കെതിരെ ചുമത്തിയിരിക്കുന്നത്.
രവി പൂജാരിയെ മൂന്നാം പ്രതിയാക്കിയുളള റിപ്പോര്‍ട്ടില്‍ ബ്യൂട്ടി പാര്‍ലറിലെത്തി വെടിയുതിര്‍ത്ത തിരിച്ചറിയാത്ത രണ്ടുപേരെയാണ് ആദ്യ രണ്ട് പ്രതികളാക്കി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെനഗലില്‍ പിടിയിലായ ഇയാളെ രാജ്യത്തെത്തിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടി.കഴിഞ്ഞ ഡിസംബര്‍ 15നാണ് കൊച്ചി കടവന്ത്രയില്‍ ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയവര്‍ വെടിവെച്ചത്. കൃത്യത്തിന് പിന്നില്‍ രവി പൂജാരി തന്നെയാണ് തെളിഞ്ഞതോടെയാണ് ക്രൈംബ്രാഞ്ച് ആദ്യ കുറ്റപത്രം തയാറാക്കിയത്.