കൊച്ചി: കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിനുനേരെ വെടിയുതിര്‍ത്ത കേസില്‍ രവി പൂജാരിയുടെ കൂട്ടാളിയായ കാസര്‍ഗോഡ് സ്വദേശിയും കൊല്ലം സ്വദേശിയായ ഡോക്ടറും വിദേശത്തേക്ക് കടന്നതായി സൂചന. ഇരുവരെയും കേസില്‍ ഉടന്‍ പ്രതിചേര്‍ക്കും. ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചേക്കും.
രവി പൂജാരിയുടെ സംഘാംഗമായ കാസര്‍ഗോഡ് സ്വദേശിയാണ് ക്വട്ടേഷന്‍ നല്‍കിയത്. 50 ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി ക്രൈംബ്രാഞ്ചിന്റെ പിടിയിലായ പ്രതികളില്‍നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചത്. ആലുവ എന്‍എഡി കോന്പാറ ഭാഗത്ത് വെളുംകോടന് വീട്ടില്‍ ബിലാല്‍(25), കൊച്ചു കടവന്ത്ര കസ്തൂര്‍ബാനഗര്‍ പുത്തന്‍ചിറയില്‍ വിപിന്‍ വര്‍ഗീസ്(30) എന്നിവരാണു മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ പിടിയിലായത്.
തുടര്‍ന്ന് തോക്കുകളും സഞ്ചരിക്കാനുള്ള മോട്ടോര്‍ സൈക്കിളും എറണാകുളത്ത് എത്തിച്ചുനല്‍കി. പ്രതികള്‍ക്ക് 50 ലക്ഷം രൂപ ഓഫര്‍ ചെയ്തെങ്കിലും 45,000 രൂപ മാത്രമാണു ലഭിച്ചതെന്നു തിരിച്ചറിഞ്ഞതായും അധികൃതര്‍ പറഞ്ഞു. പ്രതികളെ സംബന്ധിച്ച് ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പിനുശേഷം ആഫ്രിക്കന്‍ രാജ്യമായ സെനഗലില്വച്ച് രവി പൂജാരിയെ ഇന്റര്‍പോളും സെനഗല്‍ പോലീസും ചേര്‍ന്ന് പിടികൂടിയിരുന്നു. ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.