കണ്ണൂര്‍: ബിജെപിയില്‍ ചേരാന്‍ സാധിച്ചത് തന്റെ മുജ്ജന്മ സുകൃതമെന്ന് എപി അബ്ദുളളക്കുട്ടി. ബിജെപിയില്‍ അംഗത്വം എടുത്ത ശേഷം ഇന്ന് രാവിലെയാണ് അബ്ദുളളക്കുട്ടി മംഗലാപുരത്ത് നിന്ന് കണ്ണൂരില്‍ എത്തിയത്. കണ്ണൂര്‍ ബിജെപി ജില്ല കമ്മിറ്റി ഓഫീസില്‍ എത്തിയ അബ്ദുളളക്കുട്ടിക്ക് നേതാക്കളും പ്രവര്‍ത്തകരും സ്വീകരണം ഒരുക്കിയിരുന്നു.
സംസ്ഥാന-ജില്ലാ നേതാക്കള്‍ ചേര്‍ന്നാണ് അബ്ദുള്ളക്കുട്ടിയെ സ്വീകരിച്ചത്.കോണ്‍ഗ്രസ് പുറത്താക്കിയതിന് പിന്നാലെ പൊതുരംഗത്ത് തുടരണം എന്ന് തന്നെ ബിജെപി സ്‌നേഹപൂര്‍വ്വം ഉപദേശിക്കുകയായിരുന്നുവെന്ന് അബ്ദുളളക്കുട്ടി പറയുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് നടപടി നേരിടുന്ന ലോകത്തെ ആദ്യത്തെ ആളാണ് താനെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.
ദേശീയ മുസ്ലീം പരാമര്‍ശം താന്‍ ബോധപൂര്‍വ്വം നടത്തിയതാണ് എന്നും ട്രോളുകളിലൂടെ പരിഹസിക്കുന്നവര്‍ ചരിത്ര ബോധം ഇല്ലാത്തവര്‍ ആണെന്നും അബ്ദുളളക്കുട്ടി പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ താന്‍ ഇപ്പോള്‍ ദേശീയ മുസ്ലീം ആയെന്ന് അബ്ദുളളക്കുട്ടി പറഞ്ഞിരുന്നു. നരേന്ദ്ര മോദിയെ പുകഴ്ത്തിയതിന്റെ പേരിലാണ് ആദ്യം സിപിഎമ്മില്‍ നിന്നും തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും അബ്ദുളളക്കുട്ടിയെ പുറത്താക്കുന്നത്.
കോണ്‍ഗ്രസ് പുറത്താക്കിയതിന് ശേഷം അമിത് ഷായുമായും നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ അബ്ദുളളക്കുട്ടി ബിജെപിയില്‍ ചേരുകയായിരുന്നു. കര്‍ണാടക എംപി നളിന്‍ കുമാര്‍ കട്ടീലാണ് അബ്ദുളളക്കുട്ടിയെ ബിജെപിയില്‍ എത്തിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അബ്ദുളളക്കുട്ടിയുടെ പ്രവര്‍ത്തന മേഖല കേരളമാകുമോ അതോ കര്‍ണാടകത്തിലാകുമോ എന്നത് വ്യക്തമല്ല.