കാസറഗോഡ് : കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്റെ (കെ.റ്റി.ഡി.സി) ബേക്കല്‍ ബീച്ച് ക്യാമ്പിന്റെ നവീകരണവും പുതിയ കോട്ടേജുകളുടെ നിര്‍മാണോദ്ഘാടനവും കെ. കുഞ്ഞിരാമന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ബേക്കല്‍ ബീച്ചില്‍ നടന്ന ചടങ്ങില്‍ കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.
ഇന്ന് ഏതൊരു നാടിന്റെയും വികസനത്തിന്റെ നാഴിക കല്ലായി ടൂറിസം മാറി കഴിഞ്ഞെന്നും ടൂറിസം രംഗത്ത് ബേക്കല്‍ ഫോര്‍ട്ടിന്റെ പ്രാധാന്യം ചെറുതല്ലെന്നും കെ കുഞ്ഞിരാമന്‍ എം എല്‍ എ പറഞ്ഞു. കൂടുതല്‍ സൗകര്യങ്ങള്‍ വരുന്നതോടെ ടൂറിസം രംഗത്ത് ബേക്കല്‍ ഫോര്‍ട്ടിന്റെ പ്രാധാന്യം ഇരട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കോട്ടേജുകള്‍ വരുന്നതോടെ സന്ദര്‍ശകരുടെ എണ്ണവും വര്‍ദ്ധിക്കും. കോട്ടേജുകളുടെ നിര്‍മാണം എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കും.
പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ഇന്ദിര, വൈസ് പ്രസിഡണ്ട് പി എം അബ്ദുള്‍ ലത്തീഫ്, വാര്‍ഡ് മെമ്പര്‍ എം.ജി ആയിഷ, കെ ടിഡിസി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സി എച്ച് കുഞ്ഞമ്പു, ബാബു ഗോപിനാഥ്, കാസിം ഇരിക്കൂര്‍ ,കെ ടി ഡി സി റീജണല്‍ മാനേജര്‍ പ്രദീപ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഹക്കീം കുന്നില്‍, കെ മണികണ്ഠന്‍, കെ.ഇ.എ ബക്കര്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എം എ ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.