കോഴിക്കോട് : മലയാളത്തിന്റെ പ്രിയ കഥാകാരന് യു എ ഖാദര്‍ (85) അന്തരിച്ചു.ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമെല്ലാമായി മലയാളത്തിന്റെ സാംസ്കാരിക ഭൂമികയില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്ന യു എ ഖാദര്‍ കുറച്ചു നാളുകളായി അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ദേശാതിര്‍ത്തികള്‍ക്കും ഭാഷാതിര്‍ത്തികള്‍ക്കും ആദര്‍ശ-വിശ്വാസാതിര്‍ത്തികള്‍ക്കും പൗരത്വനിയമങ്ങള്‍ക്കും വിലക്കാനാവാത്ത വിസ്മയമായിരുന്നു യു എ ഖാദര്‍ എന്ന ബുഹുമുഖപ്രതിഭ.
നോവലുകള്‍, കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കര്‍ത്താവായ ഖാദറിന്റെ ‘തൃക്കോട്ടൂര്‍ പെരുമ’ മലയാള ഭാഷയിലുണ്ടായ ദേശപുരാവൃത്ത രചനകളില്‍ പ്രധാനപ്പെട്ടതാണ്. ഖാദറിന്റെ ഈ രചനയോടെ തൃക്കോട്ടൂര്‍ ഐതിഹ്യത്തിന്റെ നാടായി മലയാളിയുടെ ബോധത്തില്‍ സ്ഥിരപ്രതിഷ്ഠനേടി. തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകള്‍ എന്നിവയാണ് പ്രധാനരചനകള്‍.
ഫാത്വിമാ ബീവിയാണ് യു എ ഖാദറിന്റെ ഭാര്യ. മക്കള്‍: ഫിറോസ്, കബീര്‍, അദീബ്, സറീന, സുലേഖ. മരുമക്കള്‍: കെ സലാം, സഗീര്‍ അബ്ദുല്ല, സുബൈദ, ശരീഫ, റാഹില. ഖബറടക്കം ഞായറാഴ്ച നടക്കും. ഖാദര്‍ പ്രാദേശിക ചരിത്രം കഥകളില്‍ അവതരിപ്പിച്ച കഥാകാരന്‍: മുഖ്യമന്ത്രി
മലയാള സാഹിത്യത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണ് യു എ ഖാദറിന്റെ നിര്യാണം മൂലം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ജീവിതത്തിലുടനീളം മതനിരപേക്ഷതയും പുരോഗമനോന്മുഖവുമായ നിലപാട് കൈക്കൊള്ളുകയും തന്റെ സര്‍ഗാത്മക സാഹിത്യത്തില്‍ പ്രതിഫലിപ്പിക്കുകയും ചെയ്തു യു എ ഖാദര്‍. ആ പ്രക്രിയയുടെ സ്വാഭാവിക ഫലമാണ് പുരോഗമന കലാസാഹിത്യ സംഘത്തെ നയിക്കാന്‍ അദ്ദേഹം കാട്ടിയ സന്നദ്ധത.
തൃക്കോട്ടൂര്‍ പെരുമ പോലെയുള്ള വിശിഷ്ടങ്ങളായ കൃതികളിലൂടെ മലയാളസാഹിത്യത്തിന്റെ അതിരുകള്‍ കടന്ന് ദേശീയതലത്തിലുള്ള ഇന്ത്യന്‍ എഴുത്തുകാരന്‍ എന്ന നിലയിലേക്ക് അദ്ദേഹം ഉയര്‍ന്നിരുന്നു. പ്രാദേശിക ചരിത്രം കഥകളില്‍ കൊണ്ടുവന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം. ചിത്രകാരന്‍ കൂടിയായ ഖാദര്‍, മനോഹരമായ ദൃശ്യങ്ങള്‍ അവതരി പ്പിച്ചു കൊണ്ടാണ് കഥകള്‍ പറഞ്ഞത്. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായും അദ്ദേഹത്തിന് വലിയ അടുപ്പമുണ്ടാ യിരുന്നു. മേശവിളക്ക് എന്ന പ്രസിദ്ധ കൃതിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്‍്റെ അഭിനിവേശം പ്രതിഫലിക്കുന്നുണ്ട്. മ്യാന്‍മാറില്‍ ജനിച്ച യു.എ. ഖാദര്‍ കേരളീയമായ ഭാഷാ സംസ്കൃതിയെ ഉള്‍ക്കൊണ്ടുകൊണ്ട്, മലയാളത്തനിമ നിറഞ്ഞ കൃതികള്‍ രചിച്ചു കൊണ്ട് വായനക്കാരുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു.
ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് സാമൂഹിക യാഥാര്‍ഥ്യങ്ങളെയും വ്യക്തിഗതമായ അനുഭൂതികളെയും ഭാവനാത്മകമായി സമന്വയിപ്പിച്ച് എഴുതുന്ന അദ്ദേഹത്തിന്റെ ശൈലി മലയാള സാഹിത്യത്തില്‍ വേറിട്ടു നിന്നു. കേരളത്തിന്റെ സാഹിത്യമടക്കമുള്ള സാംസ്കാരിക മണ്ഡലങ്ങള്‍ക്കാകെയും മതനിരപേക്ഷതയടക്കമുള്ള ജനാധിപത്യ മൂല്യങ്ങള്‍ക്കാകെയും കനത്ത നഷ്ടമാണ് നിര്‍ണായകമായ ഈ ഘട്ടത്തിലുള്ള അദ്ദേഹത്തിന്റെ വിടവാങ്ങല്‍. ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ബര്‍മ്മ (മ്യാന്‍മാര്‍) ക്കാരിയായ മാതാവിന്റെ ഈ മകന്‍ ഉത്തര കേരളത്തിന്റെ ഉപബോധ മനസ്സിനെ സ്വന്തം സര്‍ഗാത്മകതയുടെ ജൈവതട്ടകമാക്കി മാറ്റിയത് ലോകസാഹിത്യത്തിലെതന്നെ അപൂര്‍വ്വാനുഭവമാണ്. കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും നാടോടി വിജ്ഞാന വഴികളും മിത്തുകളായി ഇദ്ദേഹത്തിന്റെ രചനകളില്‍ നിറഞ്ഞു നിന്നു.
കേരളീയനായ പിതാവ് മൊയ്തീന്‍ കുട്ടി ഹാജിയുടേയും മ്യാന്മാര്‍ സ്വദേശിനിയായ മാമൈദിയുടേയും മകനായി 1935ല്‍ കിഴക്കന്‍ മ്യാന്മാറിലെ ബില്ലീന്‍ എന്ന ഗ്രാമത്തില്‍ ജനിച്ച യു എ ഖാദര്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് കേരളത്തിലെത്തി. കൊയിലാണ്ടി ഗവ. ഹൈസ്കൂളിലെ പഠനത്തിന് ശേഷം മദ്രാസ് കോളജ് ഓഫ് ആര്‍ട്സില്‍ ചിത്ര കലാപഠനം നടത്തി. ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളജ് ഇന്സ്റ്റിറ്റ്യൂട് ഓഫ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്മെന്റ് ജനറല്‍ ആശുപത്രിയിലും ജോലി ചെയ്ത ഖാദര്‍ 1990-ലാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്.