ഇന്‍ഷുറന്‍സ് തുക കിട്ടാനായി തീപിടുത്തം ആസൂത്രണം ചെയ്ത ഉടമ അറസ്റ്റില്‍

195

കഴിഞ്ഞ ദിവസം ബംഗളുരുവിലെ നാലുനില കെട്ടിടത്തിലുണ്ടായ തീപിടുത്തം ആസൂത്രിതമാണെന്ന് പൊലീസ്. ഇന്‍ഷൂറന്‍സ് തുക ലഭിക്കുന്നതിനായി കെട്ടിടമുടമ തന്നെ രണ്ടുപേരെ ഏര്‍പ്പാടാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കെട്ടിടമുടമ നരേന്ദ്രലാല്‍ ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ പുലര്‍ച്ചെയാണ് ചിക്പേട്ടിലെ ബി.വി.കെ. അയ്യങ്കാര്‍ റോഡിലുള്ള നാലുനില കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവ‍ര്‍ത്തിച്ചിരുന്ന ഇലക്ട്രിക്കല്‍ കടയുടെ ഗോഡൗണിലാണ് ആദ്യം പൊട്ടിത്തെറിയുണ്ടായതെന്നും പിന്നീട് തീ കെട്ടിടത്തിലാകെ വ്യാപിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. തീപിടുത്തതില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. ഗോഡൗണില്‍ മോഷ്‌ടിക്കാനായി കയറിയാളാണ് മരിച്ചതെന്ന സംശയത്തില്‍ നടത്തിയ അന്വേഷണമാണ് തീപിടുത്തത്തിന്റെ കാരണം ചുരുളഴിക്കാന്‍ പൊലീസിനെ സഹായിച്ചത്.
കെട്ടിടത്തിന് തീവെയ്ക്കാന്‍ ഉടമയായ നരേന്ദ്രലാല്‍ ചൗധരി, സുഹൃത്തുകളായ ഗജേന്ദ്രകുമാറിനേയും അരുണ്‍ കുമാറിനേയും ഏര്‍പ്പെടുത്തുകയായിരുന്നു. ഇരുവരും ഗോഡൗണില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ യു.പി.എസ് പൊട്ടിത്തെറിച്ച് കെട്ടിടത്തില്‍ തീ വ്യാപിച്ചുവെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ ക്യാബിനികത്ത് കുടിങ്ങിപ്പോയ ഗജേന്ദ്രകുമാ‍ര്‍ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അരുണ്‍ കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്‍ഷൂറന്‍സ് തുക ലഭിക്കുന്നതിനാണ് നരേന്ദ്രകുമാ‍ര്‍ ചൗധരി കെട്ടിടത്തിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

NO COMMENTS

LEAVE A REPLY