സുപ്രീം കോടതി ഉത്തരവനുസരിച്ച് മദ്യശാലകള്‍ മാറ്റുന്നതിനെതിരെ സംസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധം. തിരുവനന്തപുരം നന്ദന്‍കോട്ട് ഹോളി ഏഞ്ചല്‍സ് സ്കൂളിന് സമീപത്തെ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‍ലെറ്റ് വിദ്യാര്‍ത്ഥിനികള്‍ വീണ്ടും പൂട്ടിച്ചു. സ്കൂളിന് സമീപത്തെ മദ്യശാല ഇനി തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ഉറപ്പ് നല്‍കി. ഇന്നലെ വിദ്യാര്‍ത്ഥിനികള്‍ പൂട്ടിച്ച നന്തന്‍കോട്ടെ മദ്യശാല രാത്രി വീണ്ടും തുറക്കാന്‍ ശ്രമം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് രാവിലെ ഹോളി ഏഞ്ചല്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ വീണ്ടും സമരത്തിനിറങ്ങി. പ്രതിഷേധം കൂടുതല്‍ കനത്തതോടെ എകസൈസ് മന്ത്രിയുടെ ഓഫീസ് ഔട്ട്‍ലെറ്റ് തുറക്കാനുള്ള നീക്കം അവസാനിപ്പിച്ചതായി അറിയിച്ചതോടെ കുട്ടികള്‍ സമരം നിര്‍ത്തി. തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് ടെക്നോപാര്‍ക്ക് ഫേസ് 3ന് മുന്നില്‍ തുറന്ന ബൈവ്കോ ഔട്ട്‍ലെറ്റും ജനത്തിന്റെ പ്രതിഷേധം മൂലം പൂട്ടി. തൃശ്ശൂര്‍ പുതുക്കാട്ടെ ബെവ്കോ ഔട്ട്‍ലെറ്റ് ചിറ്റിശേരിയിലെ ഗ്രാനൈറ്റ് ഗോഡൗണിലേക്ക് മാറ്റിയതിനെതിരെയും നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.