കെയര്‍ ഹോം പദ്ധതി പ്രകാരം വീട് ലഭിക്കുന്ന ആദ്യ ട്രാന്‍ജന്‍ഡറായി ഭാവന സുരേഷ് .

154

കോഴിക്കോട് : സമൂഹത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തെ മാറ്റി നിര്‍ത്തുന്ന പ്രവണത മാറണമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹതാപമല്ല മറിച്ച് പരിഗണനയും അംഗീകാരവും ആണ് ഇവര്‍ക്ക് ആവശ്യമെന്നും മന്ത്രി പറഞ്ഞു. സഹകരണ വകുപ്പിന് കീഴില്‍ കെയര്‍ ഹോം പദ്ധതി പ്രകാരം ട്രാന്‍സ്ജന്‍ഡര്‍ ആയ ഭാവന സുരേഷിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ സഹകരണ സംഘം തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ കെയര്‍ ഹോം പദ്ധതി പ്രകാരം വീട് ലഭിച്ച ആദ്യ ട്രാന്‍സ് ജന്‍ഡര്‍ വ്യക്തിയാണ് ഭാവന സുരേഷ് എന്നും അദ്ദേഹം പറഞ്ഞു.

വീട് നിര്‍മിക്കാന്‍ സ്ഥലം നല്‍കിയ ചേലേരി മമ്മുകുട്ടിയെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി അഭിനന്ദിച്ചു. മന്ദംകാവ് എല്‍. പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. 32 വര്‍ഷം മുന്‍പ് തൃശ്ശൂരിലെ ഇരിങ്ങാലക്കുടയില്‍ നിന്നും കോഴിക്കോടെത്തി സ്ഥിരതാമസമാക്കിയതാണ് ട്രാന്‍സ്‌ജെന്‍ഡറായ ഭാവന. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലാണ് ഭാവനക്ക് വീട് നഷ്ടമായത്. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മന്ദംകാവിലാണ് 5.30 ലക്ഷം രൂപ ഉപയോഗിച്ച് കാവുന്തറ സര്‍വീസ് സഹകരണ ബാങ്ക് വീട് നിര്‍മ്മിച്ചത്.

ചടങ്ങില്‍ വീട് നിര്‍മാണത്തിന് സ്ഥലം സംഭാവന ചെയ്ത ചേലേരി മമ്മുക്കുട്ടിയെ സഹകരണ വകുപ്പ് രജിസ്ട്രാര്‍ ഡോ. ജയശ്രീ ആദരിച്ചു. കെയര്‍ ഹോം ഫലകവിതരണം നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട നിര്‍വഹിച്ചു . ജോയിന്റ് രജിസ്ട്രാര്‍ വി.കെ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു .

കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അച്യുതന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീജ പുല്ലരിക്കല്‍, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ ഷൈമ, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സി. പി പ്രദീപന്‍, ഷാഹിന ചേരിക്കമ്മല്‍, കൊയിലാണ്ടി കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട് സി.എം ശ്രീധരന്‍, കാവുന്തറ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശശി കോലത്ത്, സെക്രട്ടറി ഷീര്‍ഷ വി. എം ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു .

NO COMMENTS