തിരുവനന്തപുരം: ഭീമ ജ്വല്ലറി ഗ്രൂപ്പിന് നികുതിയിളവ് നല്‍കിയതിന് വാണിജ്യനികുതി വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഭീമ ജ്വല്ലറിയുടെ അടൂരിലെ ശാഖയില്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ നികുതിവെട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ശാഖയില്‍ 190 കോടിയുടെ ബിസിനസ് നടന്നെങ്കിലും 163 കോടി രൂപയ്ക്ക് മാത്രമേ നികുതി ഈടാക്കിയിട്ടുള്ളൂ. ഇതേതുടര്‍ന്നാണ് ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുത്തത്. നടപടിക്ക് വിധേയരായ അഞ്ച് പേരില്‍ മൂന്ന് ഡെപ്യൂട്ടി കമ്മീഷണര്‍മാരുമുണ്ട്. നിലവില്‍ തിരുവനന്തപുരം വിജിലന്‍സ് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ സതീഷ്, ഓഡിറ്റ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ അനില്‍കുമാര്‍, പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ സുജാത എന്നിവരാണവര്‍. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ നിസാര്‍, ലെനിന്‍ എന്നിവരെയും സസ്പെന്‍ഡ് ചെയ്യും. ഇവരെ സസ്പെന്‍ഡ് ചെയ്യാനാണ് ധനകാര്യ വകുപ്പിന്റെ തീരുമാനം. ഇതിന് ശേഷമായിരിക്കും കൂടുതല്‍ നടപടികളുണ്ടാവുക.