തിരുവനന്തപുരം :ചലച്ചിത്ര ഗാനരചയിതാവും പ്രശസ്ത കവിയുമായ ബിച്ചു തിരുമല (80 ) അന്തരിച്ചു.
സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബിഎ കരസ്ഥമാക്കി. 1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ ‘ബല്ലാത്ത ദുനിയാവ്’ എഴുതി അഭിനയിച്ച് ദേശീയ തലത്തില്‍ ഒന്നാം സമ്മാനം നേടിയിരുന്നു
എം കൃഷ്ണന്‍ നായരുടെ സംവിധാന സഹായിയായിട്ടാണ് സിനിമയില്‍ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ ശ്രീധര്‍മശാസ്താവി(1970)ന്റെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചു. അതിന്റെ നിര്‍മാതാവ് സി ആര്‍ കെ നായരുടെ അടുത്ത ചിത്രം ഭജഗോവിന്ദത്തില്‍ ആദ്യ പാട്ടെഴുതി. ആ ചിത്രവും തുടര്‍ന്ന് ഗാനമെഴുതിയ, എന്‍ പി അബു നിര്‍മിച്ച സ്ത്രീധനവും വെളിച്ചംകണ്ടില്ല. നടന്‍ മധു നിര്‍മിച്ച അക്കല്‍ദാമയാണ് പുറത്തുവന്ന ആദ്യ സിനിമ. പിന്നീട് നാനൂറിലേറെ ചിത്രങ്ങളിലായി ആയിരത്തിനടുത്ത് പാട്ടുകള്‍ എഴുതി.
1980ലെ സത്യം എന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. അങ്ങാടിക്കപ്പുറത്ത് സിനിമയിലെ ‘പോകാതെ പോകാതെ’, ഒപ്പം ഒപ്പത്തിനൊപ്പം എന്ന ചിത്രത്തിലെ ‘ഭൂമി കറങ്ങുന്നുണ്ടോ’ എന്നിവയിലൂടെ ഗായകനുമായി. വിജയാനന്ദ് സംവിധാനംചെയ്ത ‘ശക്തി’യുടെ കഥയും സംഭാഷണവും സാജന്‍ സംവിധാനംചെയ്ത ഇഷ്ടപ്രാണേശ്വരിയുടെ തിരക്കഥയും സംഭാഷണവും രചിച്ചു. കെ എസ് ഗോപാലകൃഷ്ണന്റെ നാലുമണി പൂക്കളില്‍ അഭിനേതാവും.
1981ല്‍ തേനും വയമ്പും, തൃഷ്ണ എന്നീ ചിത്രങ്ങളിലെ ഗാനരചനയ്ക്ക് സംസ്ഥാന അവാര്‍ഡ്. 1991ല്‍ കടിഞ്ഞൂല്‍ കല്യാണത്തിലെ രചനയ്ക്കും സംസ്ഥാന ബഹുമതി. ‘അനുസരണയില്ലാത്ത മനസ്സ്’ കാവ്യ സമാഹാരം 1990ലെ വാമദേവന്‍ പുരസ്‌കാരം നേടി.
തിരുവനന്തപുരം ശാസ്തമംഗലത്ത് പട്ടാണിക്കുന്ന് വീട്ടില്‍ ജഡ്ജി ശങ്കരപ്പിള്ളയുടെ പൗത്രി പാറുക്കുട്ടിയ മ്മയുടെയും സി ജി ഭാസ്‌ക്കരന്‍ നായരുടെയും മകനായി 1942 ഫെബ്രുവരി 13നാണ് ബിച്ചു തിരിമല ജനിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.