പാരമ്പര്യത്തില്‍ നിന്ന് മോചനമില്ലാത്ത ആധുനികത- അഷ്‌റഫ് തൂലൂബിന്റെ അണ്‍ടൈറ്റില്‍ഡ്

242

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെ പ്രദര്‍ശനം ആദ്യം മനസിലുണ്ടാക്കുന്നത് കൗതുകമാണ്. ചങ്ങലയ്ക്കിട്ടു വച്ചിരിക്കുന്ന വട്ടപ്ലേറ്റുകള്‍. അതിനു മുകളിലായി കറുത്ത് നിരയില്ലാത്ത വരകള്‍. തന്റെ സൃഷ്ടി സ്ഥാപിക്കുന്നതിനു മുമ്പ് കൊച്ചിക്കാരുമായി മാത്രം സംസാരിക്കുമെന്ന നിര്‍ബന്ധവുമായി വന്ന മൊറോക്കോ സ്വദേശിയായ അഷ്‌റഫ് തുലൂബാണ് ഈ സൃഷ്ടികള്‍ നടത്തിയത്. പാരമ്പര്യവും സാങ്കേതികവിദ്യയും തമ്മിലുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥം വഹിക്കുന്നത് ഉദ്ദേശിച്ചു കൊണ്ടാണ് താന്‍ ഈ സൃഷ്ടി നടത്തിയതെന്ന് അഷ്‌റഫ പറഞ്ഞു. കൊച്ചിക്കാരുമായി ആശയവിനിമയം നടത്തുന്നതിനു വേണ്ടി നവംബറില്‍ തന്നെ ഇവിടെയെത്തിയതാണ് അദ്ദേഹം. തന്റെ സൃഷ്ടി ഇവിടുത്തുകാര്‍ കണ്ടാല്‍ മാത്രം പോര, മറിച്ച് അത് അനുഭവിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ സൃഷ്ടിയെ ഒറ്റനോട്ടത്തില്‍ സാര്‍വത്രികമെന്ന് വിലയിരുത്താമെന്ന് അദ്ദേഹം പറഞ്ഞു. സമകാലീന കലയില്‍ പരമ്പരാഗത സമീപനത്തെ ചോദ്യം ചെയ്യുകയാണ് അദ്ദേഹം. വട്ടപ്ലേറ്റിലാണ് ഇതിനുള്ള ഉത്തരം കണ്ടെത്തിയത്. ചങ്ങലയ്ക്കിട്ടിരിക്കുന്ന പ്ലേറ്റുകള്‍ ആധുനിക സമൂഹവും പാരമ്പര്യവും തമ്മിലുള്ള വ്യത്യാസത്തെ കാണിക്കുന്നു. കലയിലെ പരമ്പരാഗത സമ്പ്രദായം എന്തെന്നു ചോദിക്കുമ്പോഴും അതിനെ മാറ്റി നിര്‍ത്താനാണ് അഷ്‌റഫ ശ്രമിക്കുന്നത്. പാരമ്പര്യം എന്ന ഘടകത്തിലൂന്നിയാണ് തന്റെ സൃഷ്ടികളെന്ന് അദ്ദേഹം പറഞ്ഞു. പരിസരത്തിനും സമയത്തിനുമിടയില്‍ അത് ചുറ്റിക്കറങ്ങുകയാണ്. പാരമ്പര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ കലയാണ് മനസില്‍ വരുന്നത്. ആഗോളവത്കരണത്തിന്റെ കാലത്ത് പാരമ്പര്യം എന്ന വാക്കിന്റെ അര്‍ത്ഥ തലങ്ങള്‍ മാറുകയാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ആധുനികതയുടെ കടന്നു കയറ്റത്തില്‍ പാരമ്പര്യം ഒരു സന്നിഗ്ധഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്.

സമകാലീന യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന സൃഷ്ടി വികസിപ്പിച്ചെടുക്കണമെന്നതായിരുന്നു ആഗ്രഹം. ഇന്ത്യയുടെ സാഹചര്യത്തില്‍ പാരമ്പര്യവാദം ഏറെ പ്രസ്‌ക്തമാണ്. ഇവിടുത്തെ ആത്മീയ പാരമ്പര്യവും സാങ്കേതിക വിദ്യയും തമ്മിലുള്ള അന്തരം എന്നും കൗതുകകരമാണ്. ആവര്‍ത്തിച്ചു വരുന്ന വരകളാണ് സൃഷ്ടിയിലെ മറ്റൊരു പ്രധാന ഭാഗം. മന:പൂര്‍വമാണ് ഈ ആവര്‍ത്തനം ഉണ്ടാക്കിയതെന്നദ്ദേഹം പറഞ്ഞു. വിഷാദ അന്തരീക്ഷമാണ് അതുണ്ടാക്കുന്നത്. ബന്ധപ്പെട്ടു കൊണ്ടിരിക്കുന്ന ലോകത്തിന്റെ നൈരന്തര്യം കാണിക്കുന്നതിനാണ് വളഞ്ഞു പുളഞ്ഞു കിടക്കുന്ന വരകള്‍. തികഞ്ഞ സ്വാതന്ത്ര്യം ഈ വരകള്‍ക്ക് ലഭിക്കുന്നുണ്ട്. ഇതൊരിക്കലും അവസാനിക്കുന്നില്ല. അനന്തമായി മുന്നോട്ടു പോകുകയാണെന്നും അഷ്‌റഫ് പറഞ്ഞു.

NO COMMENTS

LEAVE A REPLY